മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു ഏതിന് എതിരെയാണോ എതിർത്തിരുന്നത് അത് തിരിച്ചു കൊണ്ടുവരാനാണ് ശ്രമമെന്നും അതിനെ ജാഗ്രതയോടെ നേരിടാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദമായ മലപ്പുറം പരാമര്‍ശത്തിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷ നിലപാട് ഉയർത്തി പിടിക്കാൻ എല്ലാ കാലവും വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഈ അടുത്തകാലത്ത് ഉണ്ടായ ചില പരാമർശങ്ങൾ ചില സമുദായത്തിന് എതിരായ പരമാർശമായി വരുത്താൻ ശ്രമിച്ചു. എന്നാൽ വെള്ളാപ്പള്ളിയെ അറിയുന്നവർക്ക് അത് സമുദായത്തിനെതിരെ ആയിരുന്നില്ലെന്ന് അറിയാം. പരാമർശം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്എൻഡിപിക്ക് വലിയ സംഭാവന നൽകിയ ആളാണ് വെള്ളാപ്പള്ളിയെന്നും നേതൃപാടവം കൊണ്ടാണ് അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയ്ക്ക് ഉചിതമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഒരേ കാലത്ത് നിർവഹിച്ചത് രണ്ട് സംഘടനകളുടെ നേതൃത്വം. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിർത്താനും വെള്ളാപ്പള്ളിയ്ക്ക് കഴിഞ്ഞു. മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നിർവഹിച്ചു. സംഘടനയെ വളർച്ചയിലേയ്ക്ക് നയിക്കാൻ വെള്ളാപ്പള്ളിയ്ക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.