ഇന്ത്യയുടെ രണ്ടാം നിരയ്ക്കെതിരെ പരമ്പര കളിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റിന് അപമാനമാണെന്ന ലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ പരാമര്‍ശത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. നിലവിലെ ശ്രീലങ്കന്‍ ടീമിനേക്കാള്‍ മുകളിലാണ് ഇന്ത്യയുടെ ബി ടീമെന്ന് ചോപ്ര പറഞ്ഞു.
“ഇത് ഇന്ത്യയുടെ പ്രധാന ടീമല്ല എന്നത് തികച്ചും ശരിയാണ്, ബുംറ, ഷമി, കോഹ്ലി, രോഹിത്, ജഡേജ തുടങ്ങിയവര്‍ ടീമിലില്ല. എന്നാല്‍ ഇത് ശരിക്കും ഒരു ബി-ഗ്രേഡ് ടീം പോലെയാണോ? ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍ ആകെ 471 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്, തീര്‍ച്ചയായും ഇത് ആദ്യ ടീമല്ല. ശ്രീലങ്ക ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ കളിച്ച എല്ലാ മത്സരങ്ങളും കൂടി എത്ര ഉണ്ട എന്നത് രസകരമായിരിക്കും. ശ്രീലങ്ക ആദ്യം സ്വന്തം ടീമിലേക്ക് നോക്കൂ” ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ രണ്ടാം നിര ടീമുമായി വൈറ്റ്‌ബോള്‍ പരമ്പരയ്ക്ക് സമ്മതിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് ശരിയായില്ലെന്നും ഇത് ക്രിക്കറ്റിനോടു തന്നെയുള്ള അവഹേളനമാണെന്നുമാണ് രണതുംഗ പറഞ്ഞത്. “ഇത് രണ്ടാം നിര ഇന്ത്യന്‍ ടീമാണ്. ഇന്ത്യ അവരുടെ മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ചു. ദുര്‍ബലമായ ടീമിനെ ഇവിടേക്കും. അവര്‍ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തീരുമാനിച്ച ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരാണ് തെറ്റുകാര്‍. ടെലിവിഷന്‍ മാര്‍ക്കറ്റ് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവരുടെ തീരുമാനം” രണതുംഗ പറഞ്ഞു.
Read more
സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയിരിക്കുന്നതിനാല്‍ യുവതാരങ്ങളെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിനെ രാഹുല്‍ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്. ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യനിരയില്‍ മുഴുവന്‍ യുവതാരങ്ങളാണ്.