വിരാട് കോഹ്‍ലിയെക്കാൾ മിടുക്കനാണ് അബ്ദുള്ള ഷഫീഖ്, കണക്കുകൾ കള്ളം പറയില്ല; താരതമ്യവുമായി ഷാൻ മസൂദ്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അബ്ദുള്ള ഷഫീഖിനെ പ്രതിരോധിക്കുകയും സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നായകൻ ഷാൻ മസൂദ്. അതേസമയം മുൾട്ടാനിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടി തൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ്റെ വിശ്വാസത്തെയും പിന്തുണയെയും ഷഫീക്ക് ന്യായീകരിച്ചു. ഒലി പോപ്പിൻ്റെ നേതൃത്വത്തിലുള്ള ടീമിനെതിരായ മത്സരത്തിന് മുമ്പ് അബ്ദുള്ള അത്ര മികച്ച പ്രകടനം അല്ല നടത്തിയിരുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50 ശരാശരിയുള്ള കമ്രാൻ ഗുലാമിന് മുകളിൽ ഷഫീഖിനെ എന്തിനാണ് തിരഞ്ഞെടുത്തതെന്ന് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ മസൂദിനോട് ചോദിച്ചു. താരതമ്യങ്ങൾ തള്ളിക്കളഞ്ഞ മസൂദ്, വിരാട് കോഹ്‌ലിയെക്കാൾ മികച്ച ടെസ്റ്റ് റെക്കോർഡാണ് ഷഫീക്കിനുള്ളതെന്ന് പറഞ്ഞു.

“19 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലിയെക്കാൾ മികച്ച റെക്കോർഡാണ് അബ്ദുള്ള ഷഫീക്കിനുള്ളതെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. താങ്കളുടെ ചോദ്യം ന്യായമല്ല.” മസൂദ് പറഞ്ഞു. 184 പന്തിൽ 102 റൺസെടുത്ത ഷഫീഖ് എന്തായാലും നായകന്റെ വിശ്വാസം കാത്തിരിക്കുകയാണ്. മറുവശത്ത്, മസൂദ് 177 പന്തിൽ 151 റൺസ് നേടി.

ഒന്നാം ദിനം മത്സരം നിർത്തുമ്പോൾ 328/4 എന്ന നിലയിലാണ് പാകിസ്ഥാൻ. 30 റൺസെടുത്ത ബാബർ അസം തിളങ്ങിയില്ല. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ രണ്ട് വിക്കറ്റ് വീഴ്ത്തി. അതേസമയം റോഡ് പോലെ കിടക്കുന്ന ബോളര്മാര്ക്ക് യാതൊരു സഹായവും നൽകാത്ത പിച്ചിൽ ആയിരുന്നെങ്കിൽ ഇന്ത്യയുടെ ജയ്‌സ്വാളും പന്തുമൊക്കെ ഇരട്ട സെഞ്ച്വറി നെടുമായിരുന്നു എന്ന തരത്തിലുള്ള ട്രോളുകളും ഇന്നലത്തെ പാക്സ്താൻ ഇന്നിങ്സിന് ശേഷം സജീവമാണ്.