പെർത്തിൽ തുടങ്ങിയത് പെർത്തിൽ അവസാനിപ്പിച്ചു, അഡ്‌ലെയ്ഡിൽ പുറമെനിന്നുള്ള ചില ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ സാധിച്ചു: മിച്ചൽ സ്റ്റാർക്ക്

അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിൻ്റെ ആദ്യ ഇന്നിംഗ്‌സിലെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗും രണ്ടാം ഇന്നിംഗ്‌സിലെ നിർണായക സ്‌ട്രൈക്കുകളും ഇന്ത്യയെ പരാജയപ്പെടുത്തുന്നതിൽ നിർണായകമായി. അദ്ദേഹത്തിൻ്റെ വിജയമന്ത്രം ലളിതമായിരുന്നു. ആദ്യ ടെസ്റ്റ് തോൽവിയെ മറക്കുക, ‘പുറത്ത്’ നിന്നുള്ള ശബ്ദങ്ങളെ നിശബ്ദമാക്കുക.

“കളിക്ക് ശേഷം ‘പുറത്ത്’ ധാരാളം ബഹളങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ പെർത്തിൽ നിന്ന് മുന്നോട്ട് വന്നു. എനിക്ക് അതിൽ ഇടപെടാൻ കഴിയില്ല.” മത്സരം അവസാനിച്ചതിന് ശേഷം സ്റ്റാർക്ക് പറഞ്ഞു. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയെ വെറും 150 റൺസിന് പുറത്താക്കിയെങ്കിലും 295 റൺസിൻ്റെ നാണംകെട്ട തോൽവി മുൻ കളിക്കാരിൽ നിന്നും കാണികളിൽ നിന്നും കമൻ്റേറ്റർമാരിൽ നിന്നും ആതിഥേയർക്ക് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അത്തരം വിമർശനങ്ങളെയാണ് സ്റ്റാർക്ക് പുറമെ നിന്നുള്ള ശബ്ദങ്ങൾ എന്ന് വിശേഷിപ്പിച്ചത്.

പിങ്ക് ബോളിൽ തൻ്റെ പ്രകടന മികവ് അതിന്റെ ഏറ്റവും മികച്ച രീതിയിൽ പുറത്തെടുത്ത ഇടങ്കയ്യൻ പേസർ സ്റ്റാർക്ക് രണ്ടാം ടെസ്റ്റിൻ്റെ ആദ്യ പന്തിൽ തന്നെ പെർത്തിലെ സെഞ്ചൂറിയൻ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി ഓസ്‌ട്രേലിയക്ക് സ്വപ്നതുടക്കം നൽകി. “ബാറ്റിലും ബോളിലും ഞങ്ങൾ ശരിക്കും പോസിറ്റീവായിരുന്നു, അതിന്റെ പ്രതിഫലം ഞങ്ങൾക്ക് ലഭിച്ചു.” സ്റ്റാർക്ക് പറഞ്ഞു.

അഡ്‌ലെയ്ഡിൽ ഒരു ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ഇതുവരെ തോറ്റിട്ടില്ല. മത്സരത്തിൽ സ്റ്റാർക്കിന്റെ താളത്തിനൊത്ത് പന്ത് നൃത്തം ചെയ്തു. “എൻ്റെ സമീപനത്തിൽ മാറ്റമൊന്നുമില്ല. ഒരുപക്ഷേ അൽപ്പം ഫുൾ ലെങ്ത് എറിയാൻ ശ്രമിച്ചു. ഇത് (പിങ്ക് ബോൾ) റെഡ് ബോളിനെക്കാൾ വൈറ്റ് ബോൾ പോലെയാണ്.”

ഇന്ത്യയ്‌ക്ക് തലവേദനയായി മാറിയ ട്രാവിസ് ഹെഡിൻ്റെ മാച്ച് വിന്നിംഗ് പ്രകടനത്തെ ക്യാപ്റ്റൻ കമ്മിൻസ് പ്രശംസിച്ചു. “ഹെഡിന് ഇവിടെ ബാറ്റിംഗ് ഇഷ്ടമാണ്. അവൻ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ കളി എങ്ങോട്ടും പോകാമായിരുന്നു, പക്ഷേ അദ്ദേഹം ആവേഗം ഞങ്ങൾക്ക് അനുകൂലമാക്കി.”