ഇതാര് പറക്കും പപ്പനോ.., ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എയ്ഡന്‍ മാര്‍ക്രം; വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിന്റെ ക്വാളിഫയര്‍ ഒന്നില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന് അത് ഓര്‍മിക്കാന്‍ ഒരു മികച്ച സായാഹ്നമായിരുന്നു. മത്സരത്തില്‍ സണ്‍റൈസേഴ്സ് 51 റണ്‍സിന് അനായാസം ജയിച്ച് ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ തകര്‍പ്പന്‍ ക്യാച്ചായിരുന്നു അതിനും മേലെ നിന്നത്.

മത്സരത്തില്‍ ഡര്‍ബന്‍ താരം സ്മട്ട്സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് മാര്‍ക്രത്തെ ഹീറോയാക്കിയത്. ഒറ്റ്നീല്‍ ബാര്‍ട്ട്മാനെ ലോംഗ് ഓണിലേക്ക് കളിക്കാനുള്ള സ്മട്ട്സിന്റെ ശ്രമമാണ് മാര്‍ക്രം പറന്ന് കയ്യിലൊതുക്കിയത്. ക്യാച്ച് എടുക്കുമ്പോള്‍ മാര്‍ക്രം അന്തരീക്ഷത്തിലായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

Read more

മത്സരത്തില്‍ ബാറ്റിംഗിലും തിളങ്ങാന്‍ മാര്‍ക്രത്തിനായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. ഡേവിഡ് മലാന്റെ 63 റണ്‍സാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മാര്‍ക്രം 23 പന്തില്‍ 30 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഡര്‍ബന്റെ പോരാട്ടം 19.3 ഓവറില്‍ 106 ല്‍ അവസാനിച്ചു.