എല്ലാവരും കൂടി ഞങ്ങളെ ചതിച്ചതാ..; ഏഷ്യാ കപ്പില്‍ നിന്നുള്ള പുറത്താകലില്‍ അഫ്ഗാന്‍ കോച്ച്

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി വീണ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു.

റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഓവറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ് ചെയ്യേണ്ടിയിരുന്നു. 37 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അഫ്ഗാന്‍ എട്ടിന് 289 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത ബോളില്‍ ഫോറായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ആദ്യ ബോളില്‍ മുജീബുര്‍ റഹ്‌മാനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കുകയായിരുന്നു. ഇതോടെ അഫ്ഗാന്‍ ക്യാമ്പ് ഒന്നടങ്കം നിരാശയിലാണ്ടു.

എങ്കിലും 37.4 ഓവറില്‍ 295 റണ്‍സെടുത്താല്‍ അഫ്ഗാന് റണ്‍റേറ്റില്‍ പിന്തള്ളാമായിരുന്നു. പക്ഷെ ഇക്കാര്യം അഫ്ഗാന് അത്ര ധാരണയില്ലായിരുന്നു എന്നുവേണം മനസിലാക്കാന്‍. പുതുതായി ക്രീസിലെത്തിയ ഫസല്‍ ഹഖ് ഫറൂഖിക്കു രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ റണ്ണെടുക്കാനായില്ല. നാലാമത്തെ ബോളില്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി. ഇതോടെ അഫ്ഗാന്‍ 289നു ഓള്‍ഔട്ടുമായി.

എന്‍ആര്‍ആര്‍ കണക്കുകൂട്ടലുകളില്‍ ആശയവിനിമയം കുറവായിരുന്നെന്ന് മത്സരശേഷം അഫ്ഗാന്‍ കോച്ച് ജോനാഥന്‍ ട്രോട്ട് തുറന്നു സമ്മതിച്ചു. 295 റണ്‍സെടുത്താല്‍ റണ്‍റേറ്റില്‍ ലങ്കയെ പിന്തള്ളാമായിരുന്നു എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു ജോനാഥന്‍ ട്രോട്ട് പറഞ്ഞു.

‘ഞങ്ങളെ ഒരിക്കലും ആ കണക്കുകൂട്ടലുകള്‍ അറിയിച്ചില്ല. ഞങ്ങളെ അറിയിച്ചത് 37.1 ഓവറില്‍ ജയിച്ചാല്‍ മതി എന്നതായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള സാധ്യതകളെ കുറിച്ച് ഞങ്ങളോട് ആരം പറഞ്ഞില്ല’ മത്സര ശേഷം ജോനാഥന്‍ ട്രോട്ട് പറഞ്ഞു.