കാഴ്ചക്കാരെ ആവേശത്തിന്റെ കൊടുമുടിയില്‍ കയറ്റിയ ഒരുപാട് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ കണ്ടത്. ഇന്ത്യന്‍ ടീം ഇക്കുറി തികച്ചും പ്രൊഫഷണല്‍ ആയാണ് കളിയെ സമീപിച്ചത്. മറ്റേതു രാജ്യത്തോട് കളിക്കുമ്പോഴും ഉള്ള അതെ മാനസികാവസ്ഥയില്‍. അവസാനം കളി ജയിച്ച ശേഷം യുദ്ധം ജയിച്ച ബാബര്‍ ആസമിനെയും റിസ്വാനെയും ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലി ഒരു അത്ഭുത കാഴ്ച തന്നെയായിരുന്നു. ആ സമയത്ത് കോഹ്‌ലിയുമായി എന്താണ് സംസാരിച്ചതെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ബാബര്‍ അസമിനോട് ചോദിച്ചു.
‘ടി20 ലോക കപ്പിനിടെ നിങ്ങളും വിരാട് കോഹ്ലിയും ചാറ്റ് ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അപ്പോള്‍ നിങ്ങള്‍ എന്താണ് സംസാരിച്ചത്? നിങ്ങള്‍ കോഹ്‌ലിയോട് എന്താണ് പറഞ്ഞത്, അല്ലെങ്കില്‍ കോഹ്‌ലി നിങ്ങളോട് എന്താണ് പറഞ്ഞത്? ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം അദ്ദേഹം കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ലോക കപ്പിനിടെ നിങ്ങള്‍ അദ്ദേഹത്തോട് എന്താണ് സംസാരിച്ചത്?’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
‘നിങ്ങളെ നിരാശപ്പെടുത്തുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു പിസിബി പത്രസമ്മേളനമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ അത് ചോദിക്കൂ’ എന്നായിരുന്നു ബാബറിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്‍ പിന്മാറാന്‍ തയാറായില്ല.
‘ഇതൊരു വിവാദമായ ചോദ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ലളിതവും ലഘുവുമായ ചോദ്യമാണ്. ഇരുവരും തമ്മിലുള്ള സംഭാഷണം എന്താണ്? എനിക്ക് അതേക്കുറിച്ച് ചോദിക്കാനുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്തരം നല്‍കാം’ എന്നായി മാധ്യമ പ്രവര്‍ത്തകന്‍. ‘തീര്‍ച്ചയായും, ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. പക്ഷെ ഞാന്‍ എന്തിനാണ് എല്ലാവരുടെയും മുന്നില്‍ അത് വെളിപ്പെടുത്തുന്നത്?’ എന്നാണ് അതിന് ബാബര്‍ മറുപടി കൊടുത്തത്.