ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡായിട്ടും അമ്പയര്‍ ഔട്ട് വിളിച്ചില്ല; ക്രിക്കറ്റ് ഇതുവരെ കാണാത്ത വിചിത്ര സംഭവം

ക്രിക്കറ്റ് കളം താരങ്ങള്‍ക്കും ആരാധകര്‍ക്കും ദഹിക്കാത്ത വിചിത്ര സംഭവങ്ങളുടെ കൂടി വേദിയാണ്. അത്തരത്തിലൊന്ന് അരങ്ങേറിയിരിക്കുന്നു ഓസ്‌ട്രേലിയയില്‍. ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡായിട്ടും അംപയര്‍ ഔട്ട് വിളിച്ചില്ല. അതിന്റെ കാരണം കേട്ടാല്‍ ആരും മൂക്കത്തുവിരല്‍വച്ചുപോകും.

ഓസ്‌ട്രേലിയന്‍ വനിത നാഷണല്‍ ക്രിക്കറ്റ് ലീഗിലെ ടാസ്മാനിയന്‍ ടൈഗേഴ്‌സും ക്വീന്‍സ്‌ലാന്‍ഡ് ഫയറും തമ്മിലെ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന്റെ 14-ാം ഓവറില്‍ ടാസ്മാനിയന്‍ ടൈഗേഴ്‌സിന്റെ പേസര്‍ ബെലിന്‍ഡ വകറേവയുടെ പന്തില്‍ ക്വീന്‍സ്‌ലാന്‍ഡ് ബാറ്റര്‍ ജോര്‍ജിയ വോള്‍ ക്ലീന്‍ ബൗള്‍ഡായി. വോളിന്റെ പ്രതിരോധം ഭേദിച്ച പന്ത് ഓഫ് സ്റ്റംപിലെ ബെയ്ല്‍സ് ഇളക്കുകയായിരുന്നു. എന്നാല്‍ എതിര്‍ ബോളറോ ഫീല്‍ഡര്‍മാരോ അപ്പീല്‍ ചെയ്തില്ല. വിക്കറ്റ് കീപ്പര്‍ പന്ത് കളക്ട് ചെയ്യാന്‍ ലെഗ് സ്ലിപ്പ് ഭാഗത്തേക്ക് നീങ്ങി. ബാറ്റര്‍ വോള്‍ ആകട്ടെ ഒന്നും അറിയാത്തപോലെ ക്രീസില്‍ നിന്നു.

Read more

വോള്‍ പവലിയനിലേക്ക് മടങ്ങുമെന്നും എതിരാളികള്‍ വിക്കറ്റ് ആഘോഷിക്കുമെന്നും കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. വീഡിയോ റീ പ്ലേ കണ്ട കമന്റേറ്റര്‍മാര്‍ അമ്പയര്‍മാരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വലിയ പിഴവു പറ്റിയെങ്കിലും മത്സരത്തില്‍ ജയത്തോടെ തിരിച്ചുകയറാന്‍ ടാസ്മാനിയക്ക് സാധിച്ചു.