റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ടി20യില്‍ തന്റെ സ്ട്രൈക്ക് റേറ്റ് മികച്ച രീതിയില്‍ വര്‍ധിക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിനു വേണ്ടി പ്രത്യേകമായി ഒന്നും തന്നെ ചെയ്തിട്ടില്ല. ബാറ്റിംഗ് ശൈലി നോക്കിയാല്‍ ഞാന്‍ എല്ലായ്പ്പോഴും ബോളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. എന്റെ സ്വഭാവം എല്ലായ്പ്പോഴും ഇങ്ങനെ തന്നെയാണ്. പോസിറ്റീവായി കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഓരോ തവണ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോഴും സ്വയം പ്രകടിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ടി20 മല്‍സരത്തില്‍ കളിക്കുമ്പോള്‍ ഞാന്‍ എല്ലായ്പ്പോഴും ചിന്തിക്കാറുള്ളത് 20 ഓവറുകളെന്നത് വളരെ ചെറുതാണെന്നാണ്. ഏഴ്- എട്ട് ബാറ്റര്‍മാര്‍ ഡ്രസിംഗ് റൂമില്‍ അവസരം കാത്തിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ക്രീസിലെത്തിയാല്‍ നിങ്ങള്‍ ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നത് എന്താണോ അതാണ് ചെയ്യാന്‍ ശ്രമിക്കേണ്ടത്- സഞ്ജു വ്യക്തമാക്കി.

ടി20യില്‍ സഞ്ജുവിന്റെ പ്രഹരശേഷിയില്‍ അദ്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഈ വര്‍ഷം സംഭവിച്ചിട്ടുള്ളത്. ഓരോ വര്‍ഷം തോറും സ്ട്രൈക്ക് റേറ്റ് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതായി കാണാം. 2021ല്‍ 135ഉം 2022ല്‍ 146ഉം ആയിരുന്നു അദ്ദേഹത്തിന്റെ പ്രഹരശേഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതു 153ലേക്കുയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം അത് 180 ആണ്.