ലോകം കണ്ട ഇതിഹാസ ബോളര്‍മാരായ ഗ്ലെന്‍ മഗ്രാത്തിനേക്കാളും വസീം അക്രമിനേക്കാളും മികച്ച താരം ജസ്പ്രീത് ബുംറയാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം ഡാരന്‍ ലേമാന്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുംറ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ബുംറ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബോളറാണ് ബുംറയെന്ന് പരാമര്‍ശിച്ച ലേമാന്‍ അദ്ദേഹത്തെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
രോഹിത് ശര്‍മ്മ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ജസ്പ്രീത് ബുംറയാണ് അടുത്ത നായകന്‍. പെര്‍ത്തില്‍ അദ്ദേഹം ഗംഭീരമായിരുന്നു. ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബോളറാണ് അദ്ദേഹം- ലേമാന്‍ പിടിഐയോട് പറഞ്ഞു.
1999 ലും 2003 ലും ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാക്കളായ സ്‌ക്വാഡിന്റെ ഭാഗമായിരുന്ന ലേമാന്‍. താന്‍ പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രമിനെ നേരിട്ടിട്ടുണ്ടെന്നും ഗ്ലെന്‍ മഗ്രാത്തിനൊപ്പം കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരും ഒരു പരമ്പരയില്‍ ടീം ഇന്ത്യയുടെ സ്പീഡ്സ്റ്ററിനു സമാനമായ സ്വാധീനം സൃഷ്ടിച്ചിട്ടില്ലെന്നും പറഞ്ഞു.
ഞാന്‍ വസീം അക്രത്തെയും ഗ്ലെന്‍ മഗ്രാത്തിനെയും കണ്ടിട്ടുണ്ട്. പക്ഷേ അവരാരും ജസ്പ്രീത് ബുംറയെപ്പോലെ ഒരു പരമ്പരയെ സ്വാധീനിച്ചിട്ടില്ല ഒരുപക്ഷെ 2013-2014 ആഷസ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണുശേഷം ഒരു പേസ് ബോളര്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്നും ലേമാന്‍ പറഞ്ഞു.
ഈ പരമ്പരയില്‍ ഇതുവരെ 30 വിക്കറ്റുകള്‍ ബുമ്ര സ്വന്തമാക്കി എന്നു പറയുമ്പോള്‍ തന്നെ അവന്റെ പ്രഭാവം മനസിലാവും. അവന്‍ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.