BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ടീം ഇന്ത്യ. സ്പിന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെ ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുംബൈയില്‍ നിന്നുള്ള ഓഫ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ ചൊവ്വാഴ്ച ഓസ്ട്രേലിയയിലേക്ക് പോകും.

ആര്‍ അശ്വിന്‍ കളമൊഴിഞ്ഞ സീറ്റിലേക്കാണ് കോട്ടിയാനെ പരിഗണിച്ചിരിക്കുന്നത്. ഓഫ് സ്പിന്നറും വലം കൈയന്‍ ബാറ്റ്സ്മാനുമായ തനുഷിനെ അശ്വിന് പകരക്കാരനായി വളര്‍ത്താനുള്ള പദ്ധതിയാണ് ടീം മാനേജ്മെന്റിനെന്നാണ് സൂചന.

സ്പോര്‍ട്സ്റ്റാര്‍ പറയുന്നതനുസരിച്ച്, മുംബൈ ഓള്‍റൗണ്ടര്‍ ഡിസംബര്‍ 24 ചൊവ്വാഴ്ച ഓസ്ട്രേലിയയിലേക്ക് വിമാനം കയറും. പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള കണക്കെടുപ്പില്‍ കോട്ടിയന്‍ ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും, അവ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് കരുതേണ്ടത്. ഇപ്പോള്‍, ഒരു ബാക്കപ്പായി മാത്രമാണ് അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകുന്നതെന്നാണ് മനസിലാക്കേണ്ടത്.

Read more

കഴിഞ്ഞ കുറച്ച് സീസണുകളില്‍ ഇന്ത്യന്‍ ആഭ്യന്തര സര്‍ക്യൂട്ടിലെ ഏറ്റവും മികച്ച ബോളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കോട്ടിയാന്‍. സീനിയര്‍ ടീമിന്റെ പര്യടനത്തിന് മുന്നോടിയായി ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എയുടെ ഭാഗമായിരുന്നു അദ്ദേഹം. ഇതുവരെ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 25.70 ശരാശരിയില്‍ താരം 101 വിക്കറ്റ് വീഴ്ത്തി. ബാറ്റുമൊത്തുള്ള അദ്ദേഹത്തിന്റെ നമ്പറുകളും അവഗണിക്കപ്പെടേണ്ട കാര്യമല്ല. 41.21 ശരാശരിയില്‍ 2,523 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.