BGT 2024: "അവന്റെ കളി കണ്ടാൽ ആദ്യമായി ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്ന പോലെയാണല്ലോ"; തുറന്നടിച്ച് മുൻ ഇന്ത്യൻ ഇതിഹാസം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമായി തീർന്നിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ അതേ പ്രകടനം രണ്ടാം ടെസ്റ്റിൽ കാഴ്ച്ച വെക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. 10 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്.

ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് ഫ്ലോപ്പായതാണ് ടെസ്റ്റ് തോൽക്കാൻ കാരണമായത്. യുവ താരം നിതീഷ് കുമാർ ഒഴിച്ച് ബാക്കി എല്ലാവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചിലത്തണം എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.

ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:

” റിഷഭ് പന്തിൽ നിന്ന് ഒരുപാടാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ അവൻ ആദ്യമായി ഓസ്‌ട്രേലിയയിൽ കളിക്കുകയല്ലല്ലോ. അദ്ദേഹം ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ഒരു ആരാധകനും മറക്കാൻ സാധികാത്ത ഇന്നിങ്‌സുകളാണ് അത്. കൂടാതെ ശുഭ്മാൻ ഗില്ലിന്റെയും പ്രകടനങ്ങൾ മികച്ചതാണ്”

ഹർഭജൻ സിങ് തുടർന്നു:

” റിഷഭ് പന്ത് റിവേഴ്‌സ് സ്വീപ് കളിക്കുന്നതും, സ്കൂപ് ഷോട്ടുകൾ കളിക്കുന്നതും എല്ലാം നല്ലത് തന്നെ. പക്ഷെ ടീമിന്റെ സാഹചര്യം കൂടെ നോക്കണം. സോളിഡ്‌ ആയ പാർട്ണർഷിപ്പ് വേണ്ടി വരുമ്പോൾ അതിനു അനുസരിച്ച് വേണം റിഷഭ് കളിക്കാൻ” ഹർഭജൻ സിങ് പറഞ്ഞു.