ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ നിറം മങ്ങിയപ്പോൾ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ച് മികവ് കാട്ടി പേസ് ബോളർ ജസ്പ്രീത് ബുംറ. 148/8 എന്ന നിലയിൽ നിന്നപ്പോൾ ബാറ്റിംഗിനിറങ്ങിയ ബുംറ 17 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 22 റൺസ് ആണ് നേടിയത്. 150 റൺസ് കടത്തില്ല എന്ന ഘട്ടത്തിൽ നിന്ന് ടീമിനെ 185 റൺസിലേക്കാണ് അദ്ദേഹം എത്തിച്ചത്.
എന്നാൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യക്കായി യശസ്വി ജയസ്വാൾ (10), കെ എൽ രാഹുൽ (4), ശുഭ്മാൻ ഗിൽ (20) എന്നിവർ എല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രേക്കിന് ശേഷം കോഹ്‌ലിയും മടങ്ങി. പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. കോഹ്ലി നേടിയത് 17 റൺസ് മാത്രമാണ്.
കോഹ്‌ലിക്ക് ശേഷമെത്തിയ ജഡേജ പന്തിനൊപ്പം ക്രീസിൽ പിടിച്ചുനിന്നു. ഓസ്‌ട്രേലിയൻ ബോളർമാർ ഇരുവരെയും പരീക്ഷിച്ചു. പന്ത് ഇതിനിടയിൽ പല തവണ ബോൾ ശരീരത്തിന്റെ പല ഭാഗത്ത് കൊണ്ട് നിലത്തുവീണു. ഈ കൂട്ടുകെട്ട് ഉയരുന്നതിനിടെ വീണ്ടും ബോളണ്ട് എത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച അദ്ദേഹം 40 റൺ എടുത്ത് കമ്മിൻസിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ ഈ പരമ്പരയിലെ ഹീറോ നിതീഷ് കുമാർ റെഡ്ഢിയും പൂജ്യനായി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങിയതോടെ ഓസ്ട്രേലിയ കളി പിടിച്ചു. ക്രീസിൽ നിലയുറപ്പിച്ച രവീന്ദ്ര ജഡേജ 26 റൺസ് നേടി മടങ്ങി.
തൊട്ടുപിന്നാലെ കമ്മിൻസ് വാഷിംഗ്‌ടൺ സുന്ദർ (14 ) മടക്കിയപ്പോൾ പ്രസ്സ് കൃഷ്ണ(3 ) സ്റ്റാർക്കിന് ഇരയായിട്ടും മടങ്ങി. ശേഷം ക്രീസിൽ ഉറച്ച ബുംറ സിറാജ് സഖ്യമാണ് ഇന്ത്യയെ 180 കടത്തിയത്. മുഹമ്മദ് സിറാജ് പുറത്താകാതെ 3 റൺസ് നേടി.