രാജസ്ഥാന്റെ ജയം, ബാംഗ്ലൂരിന് മാത്രമല്ല ന്യൂസിലാന്‍ഡിനും പണികിട്ടി!

ഐപിഎല്‍ 15ാം സീസണില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചതില്‍ തിരിച്ചടി കിട്ടിയവരില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമും. ജൂണ്‍ 02 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ സേവനം ടീമിന് ലഭിച്ചേക്കില്ല എന്നതാണ് കിവീസിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.

നിലവില്‍ ഞായറാഴ്ച ഗുജറാത്തിനെതിരെ ഐപിഎല്‍ ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് ബോള്‍ട്ട്. അതിനാല്‍ ഫൈനലിന് ശേഷം തിരിച്ചെത്തിയാലും ആദ്യ ടെസ്റ്റ് മത്സരത്തിനായി ഒരുങ്ങാന്‍ ബോള്‍ട്ടിന് സമയം മതിയാവില്ല.

ബോള്‍ട്ടിന്റെ അഭാവം ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടിയാണെന്നതില്‍ തെല്ലും സംശയമില്ല. കാരണം അദ്ദേഹം മികച്ച അനുഭവസമ്പത്തുള്ള അവരുടെ പ്രധാന ബൗളറാണ്.

ബോള്‍ട്ടിന് ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്നതിനാല്‍, ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍, നീല്‍ വാഗ്‌നര്‍, മാറ്റ് ഹെന്റി എന്നിവരില്‍ ന്യൂസിലന്‍ഡിന് പ്രത്യാശ അര്‍പ്പിക്കേണ്ടിവരും.

ഐപിഎല്‍ സീസണില്‍ ട്രെന്റ് ബോള്‍ട്ട് രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 8.24 റണ്‍സ് എന്ന എക്കോണമി റേറ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.