സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാമോ?, രോഹിത്തും കോഹ്ലിയും കളമൊഴിഞ്ഞാല്‍ പകരം ഇനി ആര്?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ലോകത്തിനു മുന്നില്‍ ഉയര്‍ത്തി കാണിക്കാന്‍ നമുക്ക് എല്ലാ കാലഘട്ടത്തിലും ഇതിഹാസ താരങ്ങള്‍ ഉണ്ടായിരുന്നു. ഒരു കാലത്ത് അത് സുനില്‍ ഗവാസ്‌ക്കറും കപില്‍ദേവും ആയിരുന്നെങ്കില്‍ അവര്‍ക്ക് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന താരോദയം ഉണ്ടായി. അവിടുന്ന് അങ്ങോട്ട് നീണ്ട ഒരു കാലയളവിലേക്ക് സച്ചിന്‍ തന്നെയായിരുന്നു ഇന്ത്യയുടെ പോസ്റ്റര്‍ ബോയ്. 2013ല്‍ സച്ചിന്‍ ക്രിക്കറ്റിനോട് എന്നെന്നേക്കുമായി വിട പറയാന്‍ ഒരുങ്ങിയപ്പോള്‍ ഇന്ത്യ ,ഭാവിയിലേക്ക് ധോണിയെയും വിരാട് കോലിയേയും രോഹിത് ശര്‍മയേയും പോലെയുള്ള ലോകോത്തര താരങ്ങളെ കണ്ടെത്തി കഴിഞ്ഞിരുന്നു.

2011 നു ശേഷമുള്ള തലമുറ മാറ്റം പ്രധാനമായും ധോണി കോലി രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളിലൂടെ ആയിരുന്നു. വി വിഎസ് ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യ പൂജാരയെയും അജിന്‍ക്യ രഹാനയെയും കണ്ടെത്തി. അനില്‍ കുംബ്ലെക്കും പകരം രവിചന്ദ്രന്‍ അശ്വിന്‍ എന്ന ഇതിഹാസതാരം പിറവിയെടുത്തു. സഹീര്‍ഖാനും ആശിഷ് നെഹറയും മൈതാനം വിട്ടപ്പോള്‍ ജസ്റ്റ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ ബൗളിങ്ങിനെ ചുമലിലേന്തി.

ഓരോ തലമുറ മാറ്റത്തിലും ഭാവിയിലേക്ക് ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഒരുപിടി താരങ്ങള്‍ ഉണ്ടായിരുന്നു 2013ലെ ചാമ്പ്യന്‍ ട്രോഫി വിജയത്തോടെ ക്രിക്കറ്റ് ഭാവി സുരക്ഷിത കൈകളില്‍ ആണെന്ന് അന്ന് അവര്‍ നമുക്ക് കാണിച്ചു തന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലിയും രോഹിത് ശര്‍മയും എല്ലാം കരിയറിന്റെ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മറ്റൊരു തലമുറ മാറ്റത്തിലേക്ക് ചുവട് വച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഇതിഹാസതാരങ്ങള്‍ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ ആയിട്ടില്ല. ബിസിസിഐ ഒരു പരിധിവരെ ആ മുഖം റിഷബ് പന്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അല്ലാതെ തന്റെ കഴിവിനനുസരിച്ച് ഉയരാന്‍ ഇതുവരെ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഫാന്‍ ബേസ് നോക്കിയാണെങ്കില്‍ പുതുതലമുറയില്‍ സഞ്ജു സാംസണേ കഴിഞ്ഞിട്ടേ മറ്റേതെങ്കിലും താരമുള്ളൂ. എന്നാല്‍ സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാമോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ഇപ്പോള്‍ അങ്ങനെ കണക്കാക്കാന്‍ കഴിയില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ഭാവി താരങ്ങളായി കണക്കാക്കപ്പെടുന്ന യശ്വസി ജൈസ്വാളും, ശുഭ്മാന്‍ ഗില്ലും അവരുടെ പ്രതിഭ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. വാഷിംഗ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും എല്ലാം പുതിയ പ്രതീക്ഷകളാണ്. ഇവരെല്ലാം ഇന്ത്യയുടെ പ്രതീക്ഷക്ക് ഒത്തുയരുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.

എഴുത്ത്: ഒലിവര്‍ ട്വിസ്റ്റ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍