വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറുടെ റോളിനായി ഋഷഭ് പന്തിന് പകരം സഞ്ജു സാംസണെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ്. സഞ്ജു മുമ്പ് ദക്ഷിണാഫ്രിക്കയിലെ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമായിരുന്നു. അവിടെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതിനാല്‍ പന്തിനേക്കാളും സഞ്ജുവിന് പരിഗണന ലഭിക്കണമെന്ന് ഹര്ഭജന് വാദിച്ചു.
സഞ്ജു അടുത്തിടെ പ്രോട്ടീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ടി20 സെഞ്ച്വറികള്‍ നേടി. 2023 ഡിസംബറില്‍ നടന്ന തന്റെ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 108 റണ്‍സ് നേടിയ സഞ്ജു എന്നാല്‍ പിന്നീട് നടന്ന ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
സഞ്ജു സാംസണില്‍ നിന്നോ ഋഷഭ് പന്തില്‍ നിന്നോ ഒരാളെ തിരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നു. ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളതിനാല്‍ സഞ്ജുവിന് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ കരുതുന്നു. ഋഷഭ് പന്ത് ഓസ്ട്രേലിയയില്‍ നന്നായി കളിച്ചു, പക്ഷേ അത് ഒരു നീണ്ട പര്യടനമായിരുന്നു, അതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്കിയാല് അത് വലിയ കാര്യമല്ല- ഹര്ഭജന് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സഞ്ജു സാംസണ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം കെ എല്‍ രാഹുലിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ആരാവുമെന്നതാണ് കണ്ടറിയേണ്ടത്.