ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യയൊക്കെ നിസ്സാരം..., ന്യൂസിലാന്‍ഡിനോട് തോറ്റിട്ടും കൂസലില്ലാതെ പാക് നായകന്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയിട്ടും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ യാതൊരു കൂസലുമില്ലാതെ പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍. ഒരു സാധാരണ മല്‍സരമായി മാത്രമേ ഇന്ത്യക്കെതിരേയുള്ള അടുത്ത കളിയെ പാക് ടീം കാണുന്നുള്ളൂവെന്ന് റിസ്വാന്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിനു ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.

നിലവിലെ ചാമ്പ്യന്‍മാരാണെന്നു ചിന്തിച്ച് സ്വയം സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ മല്‍സരം നഷ്ടമായിക്കഴിഞ്ഞു. ഇനി ഇന്ത്യയുമായുള്ള അടുത്ത മത്സരവും ഞങ്ങളെ സംബന്ധിച്ച് ഒരു സാധാരണ മല്‍സരം മാത്രമാണ്.

മത്സരത്തിനിടെ പരിക്കേറ്റ ഫഖറിന്റെ സ്‌കാനിനു ശേഷമുള്ള ഫലം എന്താണെന്നു നോക്കാം. ഈ കളിയില്‍ രണ്ടു തവണയാണ് ഞങ്ങള്‍ക്കു താളം നഷ്ടമായത്. ആദ്യം ഡെത്ത് ഓവര്‍ ബോളിംഗിലായിരുന്നെങ്കില്‍ പിന്നീട് പവര്‍പ്ലേ ബാറ്റിംഗിലുമായിരുന്നു. ഓപ്പണിംഗില്‍ ഫഖറിനെ നഷ്ടമായത് നിര്‍ണായകമായി മാറുകയും ചെയ്തു- റിസ്വാന്‍ വ്യക്തമാക്കി.

ന്യൂസിലാന്‍ഡിനെതിരെ 60 റണ്‍സിന്റെ തോല്‍വിയാണ് പാക് പട വഴങ്ങിയത്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം.

Read more