ഐപിഎലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. ഡല്‍ഹിക്കെതിരെ മുന്‍പ് വലിയ മേധാവിത്വം നേടിയിട്ടുളള ടീമുകളിലൊന്നാണ് ചെന്നൈ. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹിയെ നിരവധി മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പൊട്ടിച്ചുവിട്ടിട്ടുണ്ട്. 2023ല്‍ റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ 77 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റന്‍സിനെ ചെന്നൈ തോല്‍പ്പിച്ചത്. ആദ്യ ബാറ്റിങ്ങില്‍ ചെന്നൈക്കായി ഡെവോണ്‍ കോണ്‍വേയും റിതുരാജ് ഗെയ്ക്വാദും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ടീം മികച്ച സ്‌കോര്‍ നേടി
79 റണ്‍സെടുത്ത് റിതുരാജ് ഗെയ്ക്വാദും 87 റണ്‍സെടുത്ത് കോണ്‍വേയും 141 റണ്‍സ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിലുണ്ടാക്കി. തുടര്‍ന്ന് ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് മികച്ച ഫിനിഷിങ് നടത്തിയതോടെ ചെന്നൈ 223/3 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 86 റണ്‍സുമായി തിരിച്ചടിച്ചെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ നിന്നും കാര്യമായ പിന്തുണയുണ്ടായില്ല. മതീഷ പതിരണ, മഹീഷ് തീക്ഷ്ണ, ദീപക് ചാഹര്‍ ഉള്‍പ്പെടെയുളള ചെന്നൈ ബൗളര്‍മാര്‍ ഡല്‍ഹിയെ 146 റണ്‍സില്‍ ചുരുട്ടികെട്ടി. ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് തന്നെയായിരുന്നു അന്ന് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയത്.
മുന്‍സീസണില്‍ നിന്നും മാറി ടീം ലൈനപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ചെന്നൈയുടെ വരവ്. ഈ വര്‍ഷം ഇതുവരെ ഒറ്റ മത്സരം മാത്രം ജയിച്ച ടീം രണ്ട് കളികള്‍ തോറ്റു. പോയിന്റ് ടേബിളില്‍ താഴെയുളള ചെന്നൈ ടീമിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ച രണ്ട് മത്സരത്തിലും വിജയം നേടി ടൂര്‍ണമെന്റില്‍ മുന്നിലാണ്. മൂന്നാം മത്സരത്തിലും വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.