ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനായി വന്ന താരമാണ് ശ്രേയസ് അയ്യർ. അന്നത്തെ മത്സരം മുതൽ ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ വരെ കളിച്ചിട്ടുള്ള എല്ലാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നുമായി ശ്രേയസ് നേടിയത് 195 റൺസാണ്.
എന്നാൽ നാളുകൾക്ക് മുൻപ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിസിസിഐയുടെ കേന്ദ്ര കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഗംഭീര പ്രകടനത്തിൽ ബിസിസിഐ കോൺട്രാക്ടിൽ ഉൾപെടുത്തുകയാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറിൽ കളിക്കുന്ന ശ്രേയസ് യുവിയുടെ അതെ മികവ് തന്നെയാണ് മത്സരങ്ങളിൽ കാട്ടുന്നത്. ന്യുസിലാൻഡിനെതിരെ നടക്കുന്ന ഫൈനലിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.