CT 2025: 'ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചിരുന്നു‌'; ബാബറിനെയും പാക് ടീമിനെയും കൊത്തിപ്പറിച്ച് കനേരിയ

ഞായറാഴ്ച (ഫെബ്രുവരി 23) ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരായ മറ്റൊരു മോശം പ്രകടനത്തിന് പാകിസ്ഥാൻ്റെ സ്റ്റാർ ബാറ്റർ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ സ്പിന്നർ ഡാനിഷ് കനേരിയ. ചിരവൈരികൾക്കെതിരെ 26 പന്തിൽ 23 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. ഈ മോശം ഔട്ടിംഗിന് ശേഷം, ഇന്ത്യയ്‌ക്കെതിരായ ബാബറിൻ്റെ ഏകദിന സ്ഥിതിവിവരക്കണക്കുകൾ ഏറെ ശ്രദ്ധിക്കപ്പെ‌ട്ടു. എട്ട് ഇന്നിംഗ്‌സുകളിൽനിന്ന് 30.12 ശരാശരിയിൽ ഒരു അർദ്ധ സെഞ്ച്വറിയോടെ 241 റൺസാണ് ഇന്ത്യയ്ക്കെതിരെ ബാബറിന്റെ സമ്പാദ്യം.

ബാബര്‍ വലിയ സ്‌കോര്‍ നേടിയിട്ട് നാളുകളേറെയായി. എന്നാല്‍ അവന്‍ സ്‌കോര്‍ നേടുന്നത് സിംബാബ്വെക്കെതിരേയാണ്. ചെറിയ ടീമുകള്‍ക്കെതിരേ മാത്രം അവന്‍ ശോഭിക്കുന്നു. അവന്‍ വലിയ ടീമിനെതിരേ വലിയ സ്‌കോര്‍ നേടുമ്പോള്‍ അത് ടീമിന് ഉപയോ​ഗപ്പെടുന്നുമില്ല.

പാകിസ്ഥാൻ ടീമിന്റെ ബാറ്റിം​ഗിന് കാമ്പില്ല. സല്‍മാന്‍ ആഗയും ഖുഷ്ദില്‍ ഷായും ഇടക്ക് തിളങ്ങുന്നവരാണ്. സൗദ് ഷക്കീല്‍ സാങ്കേതിക മികവുള്ള ബാറ്ററാണ്. റിസ്വാന് പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. പാകിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഇത്തരമൊരു പുറത്താകല്‍ പ്രതീക്ഷിച്ചിരുന്നതാണ്- കനേരിയ പറഞ്ഞു.

ന്യൂസിലൻഡിനും ചിരവൈരികളായ ഇന്ത്യക്കുമെതിരായ ഗ്രൂപ്പ് എ മത്സരങ്ങളിൽ ടീം തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്ന് പാകിസ്ഥാൻ്റെ ചാമ്പ്യൻസ് ട്രോഫി 2025 കിരീട പ്രതിരോധം അപകടത്തിലായി. തിങ്കളാഴ്ച (ഫെബ്രുവരി 24), റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡ് അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ ടൂർ‍ണമെന്റിൽനിന്നും ഔദ്യോഗികമായി പുറത്തായി.