ചാമ്പ്യൻസ് ട്രോഫി 2025 ലെ മത്സരങ്ങൾ മികച്ച രീതിയിൽ നടത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC). ടൂർണമെന്റിൽ ഉടനീളം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൻ വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലും മികച്ച രീതിയിൽ ടൂർണമെന്റ് നടത്തിയതിന് കൈയടി അർഹിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്
29 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ ഒരു പ്രധാന ഐസിസി ടൂർണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ഇന്ത്യ അവിടേക്ക് പോകില്ല എന്ന് അറിയിച്ചതിലൂടെ ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ ദുബായിൽ നടത്തി. തുടർന്ന് ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചതിലൂടെ ആ മത്സരവും ദുബായിൽ വെച്ച് നടത്തപെടേണ്ടി വന്നു.
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് പ്രമുഖ പാകിസ്താൻ നഗരങ്ങളിലായി ആകെ 15 മത്സരങ്ങൾ നടന്നു. കൂടാതെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വെച്ചും നടത്തപ്പെട്ടു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിൽ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നുവെങ്കിലും സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.
അദ്ദേഹത്തിനെ ക്ഷണിക്കാത്തതിൽ ഐസിസി വിശദീകരണം നൽകിയിരുന്നു:
” പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർമാൻ അല്ലെങ്കിൽ സിഇഒ പോലുള്ള ആതിഥേയ ബോർഡിന്റെ തലവനെ മാത്രമേ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഐസിസി ക്ഷണിക്കുന്നുള്ളൂ. മറ്റ് ബോർഡ് ഉദ്യോഗസ്ഥർ, വേദിയിൽ ഉണ്ടായിരുന്നെങ്കിൽ പോലും, വേദി നടപടിക്രമങ്ങളുടെ ഭാഗമാകില്ല” ഐസിസി അധികൃതർ വ്യക്തമാക്കി.