ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനും ഡോജ് മേധാവിയും ടെസ്‌ല ഉടമസ്ഥനുമായ ഇലോണ്‍ മസ്‌കിനെതിരെ യുഎസിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം. മസ്കിന്റെ കൂട്ടപിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങൾക്കെതിരെ ടെസ്‌ലയുടെ അമേരിക്കയിലുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. യുഎസിന് പുറമെ യൂറോപ്പിലെ ഏതാനും നഗരങ്ങളിലും ടെസ്‌ല ഷോറൂമുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
277 ഷോറൂമുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. യുഎസ് ഫെഡറല്‍ മേഖലയിലെ ചെലവുകള്‍ ചുരുക്കുന്നതിനായി ആരംഭിച്ച ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയാണ് ഇലോണ്‍ മസ്‌ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ ഏജന്‍സികള്‍ അടച്ചുപൂട്ടുകയും നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
മസ്‌കിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം 340 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ല എന്ന ഇലക്ട്രിക് വാഹന കമ്പനിയാണ്. ഇത് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധക്കാര്‍ ടെസ്‌ലയുടെ ഡീലര്‍ഷിപ്പുകള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കുമെന്നാണ് വിവരം. സമീപകാലത്തായി മസ്‌കിന്റെ ടെസ്‌ല കാറുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിഷേധം വില്‍പ്പനയില്‍ വീണ്ടും ഇടിവുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാര്‍ വിലയിരുത്തുന്നത്.
ന്യൂജേഴ്‌സ്, മസാച്യൂസെറ്റ്‌സ്, കണക്ടിക്കട്ട്, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, മിനസോട്ട, ടെക്‌സാസ് എന്നിവിടങ്ങളിലെ ഷോറൂമുകളിലേക്കാണ് നൂറകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനമായി എത്തിയത്. അമേരിക്കയിലെ പ്രതിഷേധത്തിന് പുറമെ, വിവിധ രാജ്യങ്ങളിലെ 230ഓളം പ്രദേശങ്ങളിലും മസ്‌കിനെതിരേ പ്രതിഷേധങ്ങള്‍ നടന്നു. കോടീശ്വരനായ മുതലാളിക്കെതിരേയുള്ള പോരാട്ടമെന്നും മസ്‌കിനെ എതിര്‍ക്കുന്നവര്‍ അണിചേരുകയെന്നുമുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ ഷോറൂമുകള്‍ ഉപരോധിച്ചത്.