IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

നിലവിലെ ഐപിഎലിൽ ഏറ്റവും മോശമായ ടീമായിട്ടാണ് എല്ലാവരും രാജസ്ഥാൻ റോയൽസിനെ കാണുന്നത്. മുൻ വർഷങ്ങളിൽ അടുപ്പിച്ച് പ്ലെ ഓഫിൽ കയറിയിരുന്ന ടീം ഇത്തവണ ഒരു വിജയം പോലും സ്വന്തമാകാതെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. മുൻ വർഷങ്ങളിൽ സീനിയർ താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണമായിരുന്നു എന്നാൽ ഈ വർഷം മിക്കതും യുവ താരങ്ങളാണ് ടീമിലുള്ളത്.

ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജുവിന് പകരം രാജസ്ഥാനെ നയിക്കുന്നത് റിയാൻ പരാഗാണ്. എന്നാൽ താരത്തിന്റെ കീഴിൽ രണ്ട് മത്സരങ്ങളും ടീം പരാജയപ്പെടുകയായിരുന്നു. ഇന്ന് നടക്കുന്ന ചെന്നൈക്കെതിരെയുള്ള മത്സരത്തിലും റിയാൻ പരാഗ് തന്നെയാണ് ടീമിനെ നയിക്കുന്നത്. റിയാൻ പരാഗിന് കാര്യങ്ങൾ പെട്ടന്ന് ഗ്രഹിക്കാനുള്ള കഴിവുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകനായ രാഹുൽ ദ്രാവിഡ്.

രാഹുൽ ദ്രാവിഡ് പറയുന്നത് ഇങ്ങനെ:

” അവന്‍ കാര്യങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊള്ളുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഫ്‌ളാറ്റ് പിച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ടീമിനെ നയിക്കുകയെന്നത് എളുപ്പമല്ല. നായകനെന്ന നിലയിലുള്ള ആദ്യ മത്സരം എപ്പോഴും വളരെ പ്രയാസമായിരിക്കും. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും ശാന്തനായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനായി. ടീമിനെ ഒരു സാഹചര്യത്തിലും സമ്മര്‍ദ്ദം ബാധിക്കാതെ അവന്‍ നോക്കി. അതെല്ലാം മികച്ച നായകന്റെ ഗുണമാണ്” രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരം 3.30 നു ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്‌സ് ഹൈദ്രബാദും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 നു ചെന്നൈ സൂപ്പർ കിങ്‌സും, രാജസ്ഥാൻ റോയൽസും തമ്മിലുള്ള പോരാട്ടവും നടക്കും. ഇതുവരെ ഒരു വിജയവുമില്ലാത്തതിനാൽ, രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് നിൽക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങൾക്കുള്ള മത്സരത്തിൽ തുടരണമെങ്കിൽ CSK-ക്കെതിരായ അവരുടെ വരാനിരിക്കുന്ന മത്സരം തീർച്ചയായും വിജയിക്കണം.