ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമായിരുന്നു സഞ്ജു സാംസൺ. ഈ പരമ്പരയ്ക്ക് മുൻപ് കളിച്ച അവസാനത്തെ അഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ആ മികവ് കാട്ടാൻ താരത്തിന് സാധിക്കുന്നില്ല.
ആദ്യ ടി 20 മത്സരത്തിൽ 26 റൺസും, രണ്ടാം ടി 20 യിൽ 5 റൺസുമാണ് താരം നേടിയത്. ഇതോടെ ടീമിൽ സ്ഥാനം തെറിക്കുമെന്ന് ആയപ്പോൾ സഞ്ജു മൂന്നാം ടി 20 മത്സരത്തിന് മുന്നോടിയായി സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് പരിശീലനം നടത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജോഫ്രാ ആർച്ചറിന്റെ വേഗതയേറിയ പന്തുകൾ നേരിടുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാൽ അതിനു ഫലം കണ്ടില്ല.
ആർച്ചറിന്റെ പന്തിൽ ആദിൽ റഷീദിന് ക്യാച്ച് നൽകി സഞ്ജു മൂന്നു റൺസിന് പുറത്തായി. ഇതോടെ താരത്തിന് വിമർശനവുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തി. പരമ്പര തുടങ്ങിയിട്ട് ഇത് വരെയായി മികച്ച റൺസ് ഉയർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.
ഫോം ഔട്ട് ആയി നിൽക്കുന്ന ഈ സന്ദർഭത്തിൽ താരം ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാതെയിരിക്കുന്നത് നന്നായി എന്നാണ് ഒരു കൂട്ടം ആരാധകരുടെ വാദം. പരമ്പരയിൽ ബാക്കിയുള്ള രണ്ട് ടി 20 മത്സരങ്ങളിലും സഞ്ജു തന്റെ മികവ് കാട്ടിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.