വിരാടിനെ ഗംഭീറിനടക്കം ഭയം, അല്ലെങ്കില്‍ രോഹിത്തിനു സംഭവിച്ചത് അവനും സംഭവിക്കുമായിരുന്നു; പരിഹസിച്ച് പാക് താരം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് ശനിയാഴ്ച തുടങ്ങാനിരിക്കവെ മോശം ഫോമിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കു പുതിയ ബാറ്റിംഗ് പൊസിഷന്‍ നിര്‍ദേശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്കു മാറ്റണമെന്നും നീതീഷ് കുമാര്‍ റെഡ്ഡിയെ നാലാം നമ്പരില്‍ കളിപ്പിക്കണമെന്നും അലി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡറില്‍ കോച്ച് ഗൗതം ഗഭീര്‍ ചില മാറ്റങ്ങള്‍ വരുത്തണം. ഇന്ത്യന്‍ ടീം ഇപ്പോള്‍ നിതീഷ് റെഡ്ഡിയെ നാലാം നമ്പറില്‍ കളിപ്പിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്കു മാറ്റുകയും വേണം. കാരണം നാലാമനായി അദ്ദേഹത്തിനു ഇപ്പോള്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഒരേ തരത്തിലുള്ള ഷോട്ട് കളിച്ച് കോഹ്‌ലി പുറത്തായി കൊണ്ടിരിക്കുകയാണ്.

ബാറ്റിംഗില്‍ നിങ്ങള്‍ക്കു പെര്‍ഫോം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിലവിലെ പൊസിഷനില്‍ നിന്നും താഴേക്കു വരൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗില്‍ മുകളിലും താഴെയുമെല്ലാം കളിക്കുന്നുണ്ട്. പക്ഷെ വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ ആരും ഇങ്ങനൈാരു കാര്യം ചിന്തിക്കുന്നില്ല. കാരണം എല്ലാവര്‍ക്കും വിരാടിനെ ഭയമാണ്.

ഗൗതം ഗംഭീറിനു പകരം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി മാറുമായിരുന്നു. ഇന്ത്യന്‍ ടീം ദ്രാവിഡിനെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്- അലി കൂട്ടിച്ചേര്‍ത്തു.