അവന്മാർ രണ്ടും കാരണം ഗംഭീറിനും രോഹിത്തിനും തലവേദന ഉണ്ടാകും, ആ കാര്യത്തിൽ സംശയമില്ല; സൂപ്പർ താരങ്ങളെക്കുറിച്ച് റോബിൻ ഉത്തപ്പ

2025ൽ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യാ ർക്കതിന് ഫോർമാറ്റിൽ ആയിരിക്കും ഇനിയുള്ള കുറച്ചുനാൾ ശ്രദ്ധ കേന്ദ്രീകരിക്കുക. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി കിരീടം നേടാനുള്ള ശ്രമത്തിൽ ആയിരിക്കും ഇന്ത്യയുടെ ഒരുക്കങ്ങളും പോകുക. എന്നിരുന്നാലും പുതിയ പരിശീലകൻ ഗംഭീറിന്റെ തലവേദന ടീമിലെ ഓരോ സ്ഥാനത്തിന് വേണ്ടിയാണ് നടക്കുന്ന മത്സരത്തിന്റെ കാര്യത്തിൽ ആയിരിക്കും. ആരെയൊക്കെ എവിടെ കളിപ്പിക്കും എന്ന കാര്യത്തിൽ തീരുമാനം അദ്ദേഹത്തിന് എടുക്കേണ്ടതായി വരും.

ഋഷഭ് പന്തിൻ്റെ തിരിച്ചുവരവ് വലിയ ഒരു മത്സരത്തിന് തുടക്കമിടും. 15 മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിന് ശേഷമാണ് പന്ത് 2024 ടി20 ലോകകപ്പ് കളിച്ചത്. അദ്ദേഹത്തിൻ്റെ അഭാവത്തിൽ കെ എൽ രാഹുലിനും ഇഷാൻ കിഷനും വിക്കറ്റ് കീപ്പിംഗ് ചുമതലകൾ നൽകിയെങ്കിലും ഇഷാൻ ഈ മത്സരത്തിൽ നിലവിൽ പുറത്തായി കഴിഞ്ഞു. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ബാറ്ററിനായുള്ള മത്സരത്തിൽ പന്ത് ഇനി രാഹുലുമായി മത്സരിക്കും. 50 ഓവർ ഫോർമാറ്റിൽ രാഹുൽ സ്ഥിരത പുലർത്തുന്നുണ്ട്. 2023 ലോകകപ്പിൽ അദ്ദേഹം 452 റൺസ് നേടി ടീമിന്റെ ഫൈനൽ വരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ടി20 ലോകകപ്പിലും പന്തും മികച്ച ഫോമിൽ ആയിരുന്നു.

പുതിയ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും കെഎല്ലിനെയും ഋഷഭ് പന്തിനെയും ഇടയിൽ ഒരു താരത്തെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ പറഞ്ഞിരിക്കുകയാണ് “ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടും മികച്ച താരങ്ങളാണ്. അവരുടെ സ്റ്റാറ്റുകൾ മികച്ചതാണ്. ടി20 ലോകകപ്പിൽ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഏകദിനങ്ങളിൽ രാഹുലിൻ്റെ ബാറ്റിംഗ് മികച്ചതാണ്. കെ എൽ രാഹുലിനും ഋഷഭ് പന്തിനും ഇടയിൽ ഒരാളെ തിരഞ്ഞെടുക്കുന്നത് രോഹിതിനും ഗംഭീറിനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും,” റോബിൻ ഉത്തപ്പ സോണി സ്‌പോർട്‌സിൽ പറഞ്ഞു.

ആർക്കെങ്കിലും അവസരം ലഭിച്ചാൽ അത് മുതലെടുക്കണമെന്നും ഉത്തപ്പ പറഞ്ഞു. “ഇന്ത്യയ്ക്ക് വേണ്ടി ആരാണ് കളിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. കളിക്കാർ സ്ഥിരതയാർന്ന പ്രകടനം നടത്തേണ്ടത് പ്രധാനമാണ്. അതിനാൽ അവർക്ക് ആശംസകൾ നേരുന്നു, മികച്ച താരം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം അവസാനിപ്പിച്ചു..