ഏപ്രിൽ രണ്ടിനും ഏപ്രിൽ മൂന്നിനും ധോണി നേടിയ സിക്സ് ആരാധകർ ആഘോഷിക്കുമ്പോൾ ഗംഭീർ സാക്ഷി , ഇതാണ് കാലം കാത്തുവെച്ച കാവ്യനീതി

തിങ്കളാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) 12 റൺസിന് തോൽപ്പിച്ചപ്പോൾ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2023 ലെ തങ്ങളുടെ ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് കരകയറി മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിൽ നീണ്ട ഇടവേളക്ക് ശേഷം നടന്ന മത്സരം എന്തായാലും കാണികളെ നിരാശപെടുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 217 / 7 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗ 205 റൺസിന് പുറത്തായി. ചെന്നൈ12 റൺസിന്റെ വിജയം സ്വന്തമാക്കുക ആയിരുന്നു. ആദ്യ കളിയിലെ തോൽവിക്ക് ശേഷം എന്തായാലും സ്വന്തം മണ്ണിൽ നടന്ന ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ചെന്നൈക്ക് നേട്ടമാകും. ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച ലക്നൗ ടീമിനെ തകർത്തത് മൊയിൻ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്നിംഗ്സ് തുടക്കത്തിൽ മികച്ച റൺ റേറ്റ് ഉണ്ടായിരുന്നത് ടീമിന് ഗുണമായി. അവസാന ഓവറിൽ ക്യാപ്റ്റൻ ധോണി തുടർച്ചയായി സിക്‌സറുകൾ പറത്തി, ഇത് ആരാധകരെ ആവേശത്തിലാഴ്ത്തി.

ധോണിയെ ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ , എൽഎസ്ജിയുടെ ഉപദേശകനായ ഗൗതം ഗംഭീറിനെ കളിയാക്കാനുള്ള അവസരവും അവർ പാഴാക്കിയില്ല. ലോകകപ്പ് ഫൈനലിൽ ധോണിയുടെ സിക്സിന് കൂടുതൽ പ്രാധാന്യം നൽകിയതിന് ഗംഭീർ എതിരായിരുന്നു. അതിനെതിരെ അദ്ദേഹം പലവട്ടം ധോണിക്കെതിരെ രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. എന്തായാലും ധോണിയുടെ ആ സിക്സ് ഇന്നും ആഘോഷിക്കപ്പെടുന്നു. ഏപ്രിൽ 2 നായിരുന്നു ഇന്ത്യ 2011 ലോകകപ്പ് വിജയം നേടിയത്.

ധോണി ഇന്നലെ സിക്സ് നേടിയപ്പോഴും ഗംഭീർ അതിന് സാക്ഷിയായി എന്നതാണ് ശ്രദ്ധിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ ഏപ്രിൽ 2 നും ഏപ്രിൽ 3 നും ധോണി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന സിക്സുകൾ നേടി. ഗംഭീറിന്റെ ഭാവത്തെ കളിയാക്കി ആരാധകരുടെ ചില മികച്ച ട്വിറ്റർ പ്രതികരണങ്ങൾ ഇതാ: