'ആദ്യം ഒരു ഡിഗ്രി സമ്പാദിക്കൂ'; അക്തറിന്റെ സ്വപ്‌നം തല്ലിക്കെടുത്തി റമീസ് രാജ

പാകിസ്ഥാന്‍ കളിക്കാര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പാക് മുന്‍ പേസര്‍ ശുഐബ് അക്തറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ റമീസ് രാജ. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാകാനുള്ള അക്തറിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് റമീസ് രാജ പറഞ്ഞു.

‘പിസിബിയുടെ ചെയര്‍മാനാകാണമെങ്കില്‍ അദ്ദേഹം ആദ്യം ഒരു ഡിഗ്രി സമ്പാദിക്കട്ടെ’ എന്നാണ് റമീസ് രാജ ഇതിനോട് പ്രതികരിച്ചത്. അനാവശ്യ പ്രസ്താവനകളിലൂടെ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സല്‍പ്പേര് നശിപ്പിക്കുന്ന അക്തറിനെ റമീസ് രാജ കണക്കിന് വിമര്‍ശിച്ചു.

നമ്മുടെ അയല്‍രാജ്യത്ത് ഇത്തരമൊരു സംഭവം നാം കാണില്ല. സുനില്‍ ഗാവസ്‌കര്‍ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിച്ചതായി നാം കേള്‍ക്കില്ല. ഇത് പാകിസ്ഥാനില്‍ മാത്രമേ സംഭവിക്കൂ. ഇവിടെ മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ മുന്‍ താരങ്ങള്‍ സമ്മതിക്കില്ല.

ശുഐബ് അക്തര്‍ മിഥ്യാബോധമുള്ള സൂപ്പര്‍താരമാണ്. അടുത്തിടെ അദ്ദേഹം കമ്രാന്‍ അക്മലിനെ വിമര്‍ശിച്ചിരുന്നു. എല്ലാവരും ബ്രാന്‍ഡായി മാറണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, ആദ്യം നല്ലൊരു മനുഷ്യനാകേണ്ടേ? ആദ്യം നല്ലൊരു മനുഷ്യനാകുക, അതിനുശേഷം നല്ലൊരു ബ്രാന്‍ഡാകാം- റമീസ് രാജ പറഞ്ഞു.