അവനെ ആദ്യം പത്ത് മത്സരങ്ങള്‍ അടുപ്പിച്ച് കളിപ്പിക്കൂ, എന്നിട്ട് മാറ്റി നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ; സ്വരം കടുപ്പിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാതിരിക്കുന്നതിനെ ചോദ്യം ചെയ്ത് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. സഞ്ജു സാംസണിനെ ഇന്ത്യ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ കളിപ്പിക്കൂവെന്നും എന്നിട്ട് ആ പ്രകടനം വിലയിരുത്തി അവനെ മാറ്റി നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്നും ശാസ്ത്രി പറഞ്ഞു.

സഞ്ജു സാംസണിനെ ഇന്ത്യ തുടര്‍ച്ചയായി 10 മല്‍സരങ്ങളില്‍ കളിപ്പിക്കൂ. വെറും രണ്ടു മല്‍സരത്തിനു ശേഷം അവനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ല. മറ്റുള്ളവര്‍ പുറത്തിരിക്കട്ടെ. പകരം സഞ്ജുവിനെ തുടര്‍ച്ചയായി 10 മല്‍സരങ്ങല്‍ പരീക്ഷിച്ചു നോക്കൂ. അതിലെ പ്രകടനം വിലയിരുത്തിയതിനു ശേഷം വീണ്ടും അവസരങ്ങള്‍ നല്‍കണമോയെന്നു തീരുമാനിക്കൂ രവി ശാസ്ത്രി പറഞ്ഞു.

ന്യൂസിലാന്‍ഡുമായി നടന്ന രണ്ടാം ടി20 മല്‍സരത്തില്‍ സഞ്ജുവിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടത്. ഇന്ന് നടക്കുന്ന മൂന്നാം ടി20യിലും താരത്തിന് അവസരം നല്‍കിയിട്ടില്ല.

ഇന്ത്യക്കു വേണ്ടി ഇതുവരെ 16 ടി20കളിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 135.15 സ്ട്രൈക്ക റേറ്റോടെ 296 റണ്‍സ് താരം നേടി. അയര്‍ലന്‍ഡിനെതിരേ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.