'അവന്‍ തന്റെ അവസാന മത്സരം കളിച്ചു', ആ രണ്ട് സൂപ്പര്‍ താരങ്ങളെ ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തില്ല!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025ല്‍ രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കില്ലെന്ന് ആകാശ് ചോപ്ര. ഐപിഎല്‍ 2024 ആരംഭിക്കുന്നതിന് മുമ്പ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ആ സ്ഥാനത്ത് നിയമിച്ചിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാത്രമല്ല സീസണില്‍ തീര്‍ത്തും മോശ ംപ്രകടനം കാഴ്ചവെച്ച ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.

രോഹിതിനെക്കുറിച്ച് സംസാരിച്ച ആകാശ്, രോഹിത് എംഐക്ക് വേണ്ടി തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്നും അടുത്ത സീസണില്‍ മുംബൈ ജേഴ്സി താരം ധരിക്കുന്നത് കാണാനാകില്ലെന്നും പറഞ്ഞു.

രോഹിത് ഫ്രാഞ്ചൈസിക്ക് വേണ്ടി തന്റെ അവസാന മത്സരം കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. അടുത്ത വര്‍ഷം അവര്‍ക്ക് വേണ്ടി അവന്‍ വരാന്‍ ഒരു വഴിയുമില്ല. എംഐയും രോഹിതും വേര്‍പിരിയുന്നു. അവര്‍ക്കുവേണ്ടി കളിക്കാന്‍ അവന്‍ തിരിച്ചുവരുമെന്ന് ഞാന്‍ കരുതുന്നില്ല.

15.5 കോടി രൂപ അധിക പണമായതിനാല്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ടീം ഇഷാന്‍ കിഷനെ വിട്ടയക്കും. ഇഷാനെ മുംബൈ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഹാര്‍ദിക്കും രോഹിതും ഇഷാനും ടീമിനായി പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടു. രോഹിത് 417 റണ്‍സ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ നിലവാരം കണക്കിലെടുത്ത് കൂടുതല്‍ മികച്ച പ്രകടനം അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു.

Read more