ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് നായകൻ പ്രഖ്യാപിച്ചിട്ടും രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ ദിലീപ് വെങ്‌സർക്കാർ. 2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് രോഹിത് ശർമ്മ വിരമിക്കും എന്നാണ് പലരും കരുതിയത് എങ്കിൽ ഫൈനലിലെ തകർപ്പൻ വിജയത്തിന് ശേഷം താൻ ഉടൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കില്ല എന്നും വിരമിക്കൽ വാർത്തകൾ തള്ളിക്കളയണം എന്നുമാണ് രോഹിത് പറഞ്ഞത്.
ഉടനെ വിരമിക്കില്ല എന്ന് പറഞ്ഞെങ്കിലും അടുത്ത ലോകകപ്പ് അതായത് 2027 ഏകദിന ലോകകപ്പ് വരെ താൻ കളിക്കുമോ എന്നുള്ള കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും രോഹിത് പറഞ്ഞു. എന്തായാലും ഫിറ്റ്നസ് അനുവദിക്കുക ആണെങ്കിൽ രോഹിത് തുടർന്നും കളിക്കണം എന്നാണ് പല മുൻ താരങ്ങളും പറഞ്ഞിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ദിലീപ് വെങ്‌സർക്കാർ പറഞ്ഞ അഭിപ്രായം ഇങ്ങനെ:
“ഞാൻ ഒരു ജ്യോതിഷിയല്ല. 2027 ലോകകപ്പ് വരെ ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. അദ്ദേഹത്തിന്റെ ഫോമിനെയും ഫിറ്റ്നസിനെയും ആശ്രയിച്ചിരിക്കും പലതും. ഈ ഘട്ടത്തിൽ ഒന്നും പറയുന്നത് ശരിയല്ല, പക്ഷേ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആളുകൾ (വിരമിക്കലിനെക്കുറിച്ച്) ഊഹാപോഹങ്ങൾ നടത്തിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, അത് അനാവശ്യമാണ്.
“അദ്ദേഹത്തിന്റെ പദവിയുള്ള ഒരു കളിക്കാരന് തന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കണം. വിരാടിനെയും രോഹിത്തിനെയും പോലുള്ളവർ ബിഗ് മാച്ച് കളിക്കാരാണ്, ഏറ്റവും ആവശ്യം ഉള്ളപ്പോൾ താരങ്ങൾ മികവ് കാണിച്ചിട്ടുണ്ട്. ടീമിന്റെ വീക്ഷണകോണിൽ നിന്ന് ഇത് വളരെ പ്രധാനമാണ്. അവരുടെ സാന്നിധ്യം എതിരാളികളുടെ മനോവീര്യം കെടുത്തുന്നു.”
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിവീസിനെ തകർത്ത് ഇന്ത്യ ജയിച്ചു കയറുമ്പോൾ രോഹിത് 76 റൺസാണ് നേടിയത്.