കഴിഞ്ഞ ടി 20 ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിന് മുന്‍പുള്ള രാത്രിയില്‍ പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ഐസിയു കിടക്കയിലായിരുന്നു. നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞതിന് ശേഷമാണ് താരം സെമി ഫൈനല്‍ കളിക്കാനെത്തിയത്. ഇപ്പോഴിത ഇക്കാര്യത്തില്‍ നിര്‍ണായകമായൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.
അന്ന് മുഹമ്മദ് റിസ്വാനെ രക്ഷപ്പെടുത്താന്‍ നിരോധിത മരുന്നു ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡോക്ടര്‍ സൂംറോ. ഇത് ഉപയോഗിക്കുന്നതിനായി ഐസിസിയുടെ അനുമതി തേടിയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. റിസ്വാനുമൊത്തുള്ള അഭിമുഖത്തിലാണ് സൂംറോ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അന്ന് നിങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിങ്ങളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നതിന് ആ മരുന്ന് കുത്തിവയ്ക്കാന്‍ എനിക്ക് ഐസിസിയില്‍ നിന്ന് അനുമതി നേടേണ്ടി വന്നു. സാധാരണയായി അത്ലറ്റുകള്‍ക്ക് ഈ മരുന്ന് നിരോധിച്ചിരിക്കുന്നതാണ്. പക്ഷേ മറ്റ് മാര്‍ഗങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ ആ മരുന്ന് കുത്തിവയ്ക്കാന്‍ ഞങ്ങള്‍ ഐസിസിയുടെ അനുമതി തേടുകയായിരുന്നു’ സൂംറോ പറഞ്ഞു.
‘ആശുപത്രിയില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു. നഴ്സുമാര്‍ എന്നോട് ഒന്നും പറഞ്ഞില്ല. രാവിലെ സുഖം പ്രാപിച്ച് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് എന്നോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഞാന്‍ ചോദിച്ചപ്പോള്‍ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്യാമെന്ന് പറഞ്ഞു.’
‘പാകിസ്ഥാനുവേണ്ടി സെമി ഫൈനല്‍ കളിക്കണമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു, അത് എനിക്ക് കരുത്തും ആത്മവിശ്വാസവും നല്‍കി. പക്ഷേ, പിന്നീട്, ‘റിസ്വാന്‍, നിനക്ക് കളിക്കാനുള്ള അവസ്ഥയിലല്ല’ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത് എന്നെ അല്‍പ്പം പിന്നോട്ടടിച്ചു. ഭാഗ്യവശാല്‍, കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി, എനിക്ക് പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിഞ്ഞു’ റിസ്വാന്‍ പറഞ്ഞു.
Read more
സെമിയില്‍ പാകിസ്ഥാന്‍ ഓസീസിനോട് തോറ്റെങ്കിലും റിസ്വന്‍റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ റിസ്വാന്റെ മികവിലാണ് 176 എന്ന സ്‌കോര്‍ ഉയര്‍ത്തിയത്. 52 പന്തില്‍ നിന്നാണ് താരം 67 റണ്‍സ് നേടിയത്. മൂന്ന് ഫോറും നാല് പടുകൂറ്റന്‍ സിക്‌സറുകളും ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ താരമാകാനും റിസ്വാനായി.