അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചെങ്കിലും വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റ ഓപണർ പത്തൊമ്പതുകാരനായ സാം കോൺസ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങ് ഇപ്പോഴും ചൂടേറിയ ചർച്ചയായി തുടരുകയാണ്. സംഭവത്തിൽ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പ്രതികരിച്ചത്തോടെ വിരാട് കോഹ്‌ലിക്കെതിരെ നടപടിയെടുത്തിരിക്കയാണ് ഐസിസി.

അനാവശ്യമായി എതിർതാരവുമായി ഫിസിക്കൽ കോൺടാക്ട് ഉണ്ടാക്കിയതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്. നേരത്തെ അനാവശ്യ ഇടപെടൽ നടത്തിയ കോഹ്‌ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്ന് മാത്രമല്ല ‘ഏതു തരത്തിലുള്ള അനുചിതമായ ഫിസിക്കൽ കോൺടാക്ടും ക്രിക്കറ്റിൽ നിരോധിച്ചിരിക്കുന്നു. കളിക്കാർ മനഃപൂർവ്വം, അശ്രദ്ധമായോ അല്ലാതെയോ മറ്റൊരു കളിക്കാരൻ്റെയോ അമ്പയറിൻറെയോ അടുത്തേക്ക് നടക്കുകയോ തോളിൽ തട്ടുകയോ ചെയ്താൽ, പരിധികളില്ലാതെ, ഈ നിയന്ത്രണം ലംഘിക്കും’ എന്ന് ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടിയത് മുതലാണ് സംഭവം ആരംഭിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ഈ പ്രവർത്തനത്തിൽ പ്രകോപിതനതായ യുവതാരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ സാം കോൺസ്റ്റാസിന്റെ കലി അടങ്ങിയിരുന്നില്ല. അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകി.

65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത റെക്കോർഡുള്ള താരമാണ് ബുംമ്ര. ഇതിനിടയിൽ ബുംറ നാലായിരത്തി അഞ്ഞൂറിനടുത്ത് പന്തുകൾ എറിഞ്ഞിട്ടുണ്ട്. ബുമ്രയുടെ ഒരോവറിൽ 18 റൺസ് നേടാനും കോൺസ്റ്റാസിനായി.