തന്റെ തനതായ ഫോമിലേക്ക് എത്താന്‍ വിമഷമിക്കുന്ന വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ സഹതാരം ആര്‍ അശ്വിന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലി തന്റെ ബാറ്റിംഗ് സമീപനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും തന്റെ ശക്തിക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും അശ്വിന്‍ പറഞ്ഞു. 95.62 ശരാശരിയിലും 90.31 സ്ട്രൈക്ക് റേറ്റിലും 765 റണ്‍സ് നേടിയ കോഹ്ലി 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ മാര്‍ച്ചില്‍ വലിയ പങ്കുവഹിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ തന്റെ തനതായ ബാറ്റിംഗ് ശൈലിയാണ് കോഹ്‌ലി പിന്തുടര്‍ന്നത്. എന്നിരുന്നാലും, ഗംഭീര്‍ പുതിയ പരിശീലകനായി വന്നതോടെ, വൈറ്റ്-ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചത്. എന്നിരുന്നാലും, ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് തന്റെ ശൈലി അനുസരിച്ച് കളിക്കാന്‍ കഴിയുമെന്ന് അശ്വിന്‍ കരുതുന്നു.
വിരാട് തന്റെ ശക്തിക്കനുസരിച്ച് കളിക്കണം, ഫോം വീണ്ടെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അദ്ദേഹത്തെക്കാള്‍ കരുത്തനായ താരം വേറെയില്ല. അദ്ദേഹം തന്റെ കളി മാറ്റേണ്ടതില്ല. സത്യം പറഞ്ഞാല്‍, ഏകദിനങ്ങളില്‍ എന്തിനാണ് തിടുക്കം?- അശ്വിന്‍ ചോദിച്ചു.
2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20യിലും കളിച്ച അതേ രീതിയില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കളിക്കുമെന്ന് അശ്വിന്‍ പറഞ്ഞു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ രോഹിതും കോഹ്ലിയും വീണ്ടും കളത്തിലിറങ്ങും.