ഇന്ത്യയ്ക്ക് നട്ടു, ഓസീസിന് ലബു; ഒന്നാം ദിനം ബലാബലം

സെഞ്ച്വറി നേടിയ ലബുഷെയ്‌നിന്റെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഓസീസ് മികച്ച നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലാണ്. 28* റണ്‍സുമായി കാമറൂണ്‍ ഗ്രീനും 38* റണ്‍സുമായി നായകന്‍ ടിം പെയ്‌നുമാണ് ക്രീസില്‍.

195 പന്തുകളില്‍നിന്നാണ് ലബുഷെയ്ന്‍ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി നേടിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ അകമ്പടില്‍ താരം 108 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായിരുന്നു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അഞ്ചു റണ്ണെടുത്ത മാര്‍ക്കസ് ഹാരിസും വൈകാതെ മടങ്ങി.

Image

പിന്നീട് കൂട്ടു ചേര്‍ന്ന സ്മിത്തും ലബുഷെയ്‌നും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ സ്‌കോര്‍ 87 ല്‍ നില്‍ക്കെ 77 ബോളില്‍ 36 റണ്‍സുമായി സ്മിത്ത് പുറത്തായി. ശേഷം വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ച്വറി കൂട്ടുകെട്ട പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 200 ലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. വെയ്ഡ് 87 ബോളില്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 45 റണ്‍സെടുത്തു.

Image

ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നടരാജന്‍ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, സിറാജ്, താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരിക്കേറ്റ് സെയ്നി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Image

പരിക്കേറ്റ ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ല. പകരം മായങ്ക് അഗര്‍വാള്‍, വാഷിംഗ്്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി. നടരാജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി. സുന്ദറിന്റെയും നടരാജന്റെയും അരങ്ങേറ്റ ടെസ്റ്റാണ് ഇത്.