ന്യൂസിലൻഡിനെതിരായ 0 -3 ടെസ്റ്റ് പരമ്പര വൈറ്റ്വാഷിനുശേഷം, ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കാൻ പോകുന്നത്. ഓസ്ട്രേലിയയിൽ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഇന്ത്യ എ നിലവിൽ ഓസ്ട്രേലിയ എയെ നേരിടുന്നു, ദേശിയ ടീമിന്റെ ഭാഗമായ ചില താരങ്ങൾ ഇപ്പോൾ ഇന്ത്യ എ ക്കു വേണ്ടിയും പരിശീലനത്തിന്റെ ഭാഗമായി കളിക്കുന്നു..
നവംബർ 7ന് ആരംഭിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനായി(ഇന്ത്യ എ- ഓസ്ട്രേലിയ എ ) കെഎൽ രാഹുലിനെയും ധ്രുവ് ജുറേലിനെയും ഇന്ത്യ എയിൽ ചേരാൻ ബിസിസിഐ അയയ്ക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ടെസ്റ്റ് പരമ്പരകളിൽ ധ്രുവ് ബെഞ്ചിലിരുന്നാണ് മുഴുവൻ മത്സരവും കണ്ടതെങ്കിൽ രാഹുൽ ആദ്യ രണ്ട് ടെസ്റ്റിൽ ടീമിന്റെ ഭാഗമായിരുന്നു.
ബോർഡർ-ഗവാസ്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഇരുവർക്കും കളി സമയം ലഭിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഇഷാൻ കിഷന് പകരക്കാരനായി ധ്രുവ് എത്താനാണ് സാധ്യത. “ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഞങ്ങൾക്ക് പരിശീലനത്തിന് മൂന്ന് ദിവസത്തെ സമയമുണ്ട്. ആ മൂന്ന് ദിവസം കൊണ്ട് നമുക്ക് എത്ര നേട്ടമുണ്ടാക്കാനാകുമെന്ന് എനിക്കറിയില്ല, രോഹിത് ശർമ്മ പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ പരമ്പരയിലെ ആദ്യ മത്സരം രോഹിത്തിന് നഷ്ടമാകാനാണ് സാധ്യത. നവംബർ 22ന് ആരംഭിക്കുന്ന പെർത്ത് ടെസ്റ്റ് മത്സരത്തിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കും.