ഐ.പി.എല്‍ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏറ്റവും വലിയ ഭീഷണിയാവുക മുംബൈ ഇന്ത്യന്‍സായിരിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐ.പി.എല്ലിന്റെ ചരിത്രം നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഇത്തവണയും അക്കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്നും ചോപ്ര പറയുന്നു.
“ചെന്നൈ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മുംബൈ ഇന്ത്യന്‍സില്‍ നിന്നായിരിക്കും. ഐ.പി.എല്ലിന്റെ ചരിത്രം നോക്കിയാല്‍ ചെന്നൈയ്ക്കു തങ്ങളുടെ മാജിക്ക് പുറത്തെടുക്കാന്‍ കഴിയാതിരുന്നത് മുംബൈയ്ക്കെതിരേ മാത്രമാണ്. അവര്‍ക്കെതിരേ ചെന്നെയ്ക്കു പലപ്പോഴും പിഴച്ചിട്ടുണ്ട്.”
“യു.എ.ഇയിലെ ചൂടന്‍ കാലാവസ്ഥയും ചെന്നൈയ്ക്ക് തിരിച്ചടിയായേക്കാം. ഈ കാലാവസ്ഥയിലാണ് ചെന്നൈയ്ക്കു തുടക്കത്തില്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കേണ്ടത്. ചെന്നൈ സ്‌ക്വാഡ് വളരെ ടൈറ്റാണ്. അതുകൊണ്ടു തന്നെ ഒരുപാട് വ്യത്യസ്ത ലൈനപ്പുകളൊന്നും പരീക്ഷിക്കാന്‍ കഴിയില്ല.” ചോപ്ര അഭിപ്രായപ്പെട്ടു.
Read more
ഐ.പി.എല്ലില്‍ 28 തവണ ചെന്നൈയും മുംബൈയു മുഖാമുഖം വന്നപ്പോള്‍ 17 മത്സരത്തിലും ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. 2010 മുതല്‍ നാലു തവണയാണ് ഇരുടീമുകളും ഐ.പി.എല്‍ ഫൈനലില്‍ കൊമ്പുകോര്‍ത്തത്. ഇവയില്‍ മൂന്നു തവണയും ജയം മുംബൈയ്ക്കായിരുന്നു. ഈ മാസം 19- ന് മുംബൈയും ചെന്നൈയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.