നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

റെയില്‍വേ ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ ബാഡ്മിന്റണ്‍ താരങ്ങള്‍ വിമാനത്തില്‍ പറക്കും. ഞായറാഴ്ച ഭോപ്പാലില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ ടീം ടിക്കറ്റ് കണ്‍ഫേം ആകാതെ യാത്ര മുടങ്ങുകയായിരുന്നു.

സംഭവം വാര്‍ത്തയായതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടത്. ഇതോടെ 20 താരങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനും ഉള്‍പ്പെടെ വിമാന യാത്രയ്ക്കാണ് മന്ത്രി അവസരം ഒരുക്കിയത്. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് വിമാന ടിക്കറ്റുകള്‍ എടുത്ത് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നവംബര്‍ 17ന് ആണ് ഭോപ്പാലില്‍ നാഷണല്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 20 താരങ്ങള്‍ക്കും മൂന്ന് ടീം ഒഫീഷ്യല്‍സിനും നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എല്ലാ ടിക്കറ്റും കണ്‍ഫേം ആയില്ല.

Read more

ആകെ രണ്ട് ടിക്കറ്റുകള്‍ മാത്രമാണ് കണ്‍ഫേം ആയത്. ഇതോടെയാണ് ബാഡ്മിന്റണ്‍ താരങ്ങളും ടീം ഒഫീഷ്യല്‍സും റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്. പിന്നാലെ സംഭവം വാര്‍ത്തയായിരുന്നു. വിവരം അറിഞ്ഞതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടത്. താരങ്ങള്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകളും നേര്‍ന്നു.