രാജസ്ഥാനെതിരായ തോല്‍വിയ്ക്ക് ശേഷം ചെന്നൈ നായകന് എം.എസ് ധോണി യുവതാരങ്ങള്ക്കെതിരായി നടത്തിയ “സ്പാര്‍ക്ക്” പരാമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ധോണിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ധോണിയെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണി യുവതാരങ്ങള്‍ എന്നു പരാമര്‍ശിച്ചത് യഥാര്‍ത്ഥത്തില്‍ ഉള്ള യുവതാരങ്ങളെ ആകാന്‍ സാദ്ധ്യതയില്ലെന്നാണ് ഓജ പറയുന്നത്. യുവതാരങ്ങളില്‍ “സ്പാര്‍ക്ക്” ഇല്ലാത്തതിനാലാണ് ടീമില്‍ അവര്‍ക്ക് അവസരം ലഭിക്കാത്തതെന്നായിരുന്നു ധോണി പറഞ്ഞത്.
“ആരാണ് യുവതാരം? ധോണി സ്വയം മുതിര്‍ന്ന താരമായാണ് കരുതുന്നതെങ്കില്‍ അദ്ദേഹം കേദാര്‍ ജാദവിനെ കുറിച്ച് തന്നെയായിരിക്കും സംസാരിച്ചത്. ഋതുരാജിനെയോ ജഗദീശനെയോ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചോ? എനിക്കറിയുന്ന ധോണി പറയുന്ന കാര്യങ്ങള്‍ എപ്പോഴും നിഗൂഢമാണ്.”
“ഈ രണ്ടു യുവതാരങ്ങളെ കുറിച്ചും അദ്ദേഹം ഇങ്ങനെ പറയില്ലെന്ന് എനിക്കുറപ്പുണ്ട്. ഒരു മത്സരം മാത്രം കളിച്ച ആളിനെ കുറിച്ച് എങ്ങനെ അഭിപ്രായം പറയും? ഇതേക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഋതുരാജിനെ കുറിച്ചും ജഗദീശനെ കുറിച്ചുമാണ് ധോണിയുടെ പരാമര്‍ശം എന്നു കരുതുന്നില്ല. എന്തുകൊണ്ട് പീയുഷ് ചൗളയെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ആയിക്കൂടാ?” ഓജ ചോദിച്ചു.
Read more
ചെന്നൈയ്ക്കായി ഈ സീസണില്‍ ഒരേയൊരു മത്സരത്തില്‍ മാത്രം കളിച്ച നാരായണ്‍ ജഗദീശന് 28 പന്തില്‍ 33 റണ്‍സുമായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ജഗദീശനെ പുറത്തിരുത്തി സീസണില്‍ മുഴുവന്‍ പരാജയമായ കേദാര്‍ യാദവിനെയാണ് ധോണി പിന്നെയും പിന്നെയും പരിഗണിച്ചത്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്.