ഇത് പോലൊരു ഗെയിം ചെയ്ഞ്ചറെ പുറത്തിരുത്തിയതില്‍ അവര്‍ പശ്ചാത്തപിച്ചിട്ടുണ്ടാകാം

ജാസണ്‍ റോയ് പലപ്പോഴും അനുസ്മരിപ്പിക്കുന്നത് വീരേന്ദര്‍ സെവാഗിനെയാണ്. കൂറ്റന്‍ സിക്‌സറുകളെ മാത്രം ആശ്രയിക്കാതെ ഇടതടവില്ലാതെ ഫോറുകള്‍ പറത്തുന്ന അയാള്‍ നിമിഷ നേരം കൊണ്ടാണ് ഒരു വലിയ സ്‌കോറിനെ ചെറുതാക്കി മാറ്റുന്നതും നാലിലൊന്ന് ഓവറുകള്‍ കൊണ്ട് മാത്രം കളിയെ തട്ടിപ്പറിച്ചെടുക്കുന്നതും.

സീസണിലെ ഏറ്റവും ദുര്‍ബല ബാറ്റിംഗ് നിരകളിലൊന്നായ ഹൈദരാബാദിന് 165 എന്ന സ്‌കോര്‍ ഒരു ബാലികേറാമല തന്നെയായിരുന്നു. എന്നാല്‍ 5 ഓവറുകള്‍ക്കുള്ളില്‍ റോയ് ടീമിന് നല്‍കിയ അസാധ്യ കുതിപ്പ് ആ ടീമിന്റെ മനോഭാവമാണ് മാറ്റി മറിച്ചത്.

Image

10 ഓവറില്‍ 100 കടന്ന ടീം ചില സമയത്തെങ്കിലും ഇത് പോലൊരു ഗെയിം ചെയ്ഞ്ചറെ പുറത്തിരുത്തിയതില്‍ പശ്ചാത്തപിച്ചിട്ടുണ്ടാകാം. ഈ ഐപിഎല്ലിന്റെ മുഖമുദ്ര തന്നെ നാടകീയത ആണ്. ജയം ഉറപ്പിച്ച ടീമുകള്‍ തികച്ചും അവിശ്വസനീയമായ രീതിയില്‍ വിജയം കൈവിടുന്ന അവസ്ഥകള്‍ ഒട്ടേറെ തവണ കണ്ടു കഴിഞ്ഞു. എന്നാല്‍ കൂട്ടിനൊരാളുണ്ടെങ്കില്‍ ഏത് ചേസിനെയും അതിന്റെ ഗതിവിഗതികള്‍ക്കനുസൃതമായി മാറ്റി വിജയത്തിലെത്തിക്കാന്‍ കെയ്ന്‍ വില്യംസിണിനോളം മിടുക്ക് കാട്ടുന്ന മറ്റുള്ളവരെ സമകാലിക ക്രിക്കറ്റില്‍ അധികം കാണാനാകില്ല.

Image

സഞ്ജു സാംസണ്‍ ഒരു നിര്‍ഭാഗ്യവാനാണ്. ആദ്യ മാച്ചില്‍ ഐപിഎല്ലില്‍ കണ്ട ഏറ്റവും മികച്ച സെഞ്ചുറി, കഴിഞ്ഞ മാച്ചില്‍ ടീമിന്റെ 60% ഉം നേടിയ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ്, ഇത്തവണ ടീമിന്റെ 50% ഉം നേടിയ ഏവരും ആഗ്രഹിച്ച രീതിയില്‍ കരുപ്പിടിപ്പിച്ച ഇന്നിങ്ങ്‌സ്. ഒടുവില്‍ മറ്റു പ്രമുഖരെയെല്ലാം പിന്നിലാക്കി ഓറഞ്ച് ക്യാപ്. മികച്ച കീപ്പിങ്ങ്. ദുര്‍ബല ടീമിലെ തനിക്ക് പറ്റാവുന്ന രീതിയില്‍ നയിക്കുന്ന ക്യാപ്റ്റന്‍സി മികവ്. എന്നിട്ടും തോല്‍വി നേരിടുന്ന അവസ്ഥ. മഹിപാല്‍ ലാംറോര്‍ വിശ്വസിക്കാവുന്ന ഓള്‍റൗണ്ടര്‍ ആകുന്നു എന്ന ഒരൊറ്റ ആശ്വാസം മാത്രമായിരുന്നു റോയല്‍സിന് ബാക്കി