അവര്‍ ജീവവായു ആയി, ചാരത്തില്‍ നിന്ന് പുനര്‍ജ്ജനിച്ച ഫീനിക്സ് പക്ഷിയെ പോലെ ലഖ്‌നൗ

ഐപിഎല്ലിലെ കന്നി മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് 158 റണ്‍സെടുത്ത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ദീപക് ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ദീപക് ഹൂഡ 41 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്തു. 38 പന്തില്‍ 50 പിന്നിട്ട അരങ്ങേറ്റ താരം 22 വയസുകാരന്‍ ആയുഷ് ബഡോണി 41 ബോളില്‍ 3 സിക്‌സും 4 ഫോറും സഹിതം 54 റണ്‍സെടുത്തു. 29ന് നാലെന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് 116 ലെത്തിച്ചു. 87 റണ്‍സിന്റെ വിലയേറിയ കൂട്ടുകെട്ട്. ക്രുണാല്‍ പാണ്ഡ്യ 13 ബോളില്‍ 3 ഫോറോടെ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് ആദ്യ പന്തില്‍ തന്നെ നായകന്‍ കെഎല്‍ രാഹുലിനെ നഷ്ടമായി. ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. അമ്പയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂ എടുത്താണ് ഗുജറാത്ത് സ്വന്തമാക്കിയത്.

തുടര്‍ന്ന് തന്റെ രണ്ടാം ഓവറില്‍ സൂപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡീകോക്കിനെയും ഷമി മടക്കി. ക്ലീന്‍ ബൗള്‍ഡായാണ് ഡികോക്ക് മടങ്ങിയത്. 9 ബോളില്‍ ഒരു ഫോറിന്റെ അകമ്പടിയില്‍ ഏഴ് റണ്‍സാണ് താരത്തിന് നേടാനായത്.

പിന്നാലെ എവിന്‍ ലൂയിസിനെ വരുണ്‍ ആരോണ്‍ മടക്കി. ശുഭ്മാന്‍ ഗില്‍ ഒരു തകര്‍പ്പന്‍ റണ്ണിംഗ് ക്യാച്ചിലൂടെയാണ് താരത്തെ മടക്കിയത്. 9 ബോളില്‍ രണ്ട് ഫോറിന്റെ അകമ്പടിയില്‍ 10 റണ്‍സാണ് താരത്തിന് നേടാനായത്. 20 റണ്‍സെടുക്കുന്നതിനിടെ ലഖ്നൗവിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് ചേര്‍ത്തപ്പോഴെ മനീഷ് പാണ്ഡെയെയും ഷമി മടക്കി. 5 ബോളില്‍ 6 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Read more

ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ അരോണ്‍ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.