'അവനെ ഒരു മികച്ച ഓള്‍റൗണ്ടറായി ഞങ്ങള്‍ക്ക് വേണം, പക്ഷേ സമയം എടുക്കും'; ഇന്ത്യന്‍ താരത്തെ കുറിച്ച് ലാറ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023-ല്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി.

ഏറെ പ്രതീക്ഷയോടെ കാണുന്ന താരങ്ങള്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാത്തതാണ് സണ്‍റൈസേഴ്‌സിന് വെല്ലുവിളിയാകുന്നത്. ഇപ്പോഴിതാ ടീമിലെ യുവ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ കുറിച്ച് ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് ടീം പരിശീലകനും ഇതിഹാസ താരവുമായ ബ്രയാന്‍ ലാറ.

ടീമിനെ സംബന്ധിച്ച് വാഷിംഗ്ടണിന്റെ മൂല്യം ബോളിംഗും ബാറ്റിംഗുമാണ്. എന്നാല്‍ മികച്ച സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന കളിക്കാരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അവന്‍ ബാറ്റിലും പന്തിലും മികച്ച ഓള്‍റൗണ്ടറാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ അതിന് സമയമെടുക്കുമെന്ന് ഞാന്‍ കരുതുന്നു. ഉടനെ ബട്ടണ്‍ അമര്‍ത്തുന്ന പോലെ അവനെ ബാറ്റിംഗ് ഓര്‍ഡറിലേക്ക് ഉയര്‍ത്താനാവില്ല. അത് പാനിക് ബട്ടണ്‍ അമര്‍ത്തുന്നത് പോലെയാണ്- ലാറ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐപിഎല്‍ 2023-ല്‍ ഇതുവരെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് ഒമ്പത് ശരാശരിയിലും 80 സ്ട്രൈക്ക് റേറ്റിലും 36 റണ്‍സാണ് സുന്ദര്‍ നേടിയിട്ടുള്ളത്. സീസണില്‍ 13.4 ഓവര്‍ ബോള്‍ ചെയ്തതിന് ശേഷവും അദ്ദേഹം വിക്കറ്റില്ലാതെ തുടരുകയും 8.63 എന്ന എക്കോണമിയില്‍ 118 റണ്‍സ് വഴങ്ങുകയും ചെയ്തു.