ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തെ വിലയിരുത്തി ഇര്‍ഫാന്‍ പത്താന്‍. മുംബൈ ടീമിനുള്ളിലെ പ്രശ്നങ്ങളാണ് ടീമിനെ പിന്നോട്ടടിച്ചതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ഹാര്‍ദിക്കിന് ടീമിനുള്ളില്‍ പുല്ല് വിലയാണെന്നും നായകനെന്ന നിലയില്‍ ഹാര്‍ദിക് പറയുന്നത് ആരും അംഗീകരിക്കുന്നില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇവിടെ അവസാനിച്ചു. പേപ്പറില്‍ അതി ശക്തരായ ടീമായിരുന്നു മുംബൈ. എന്നാല്‍ അതിനെ നന്നായി ഉപയോഗിക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. കെകെആര്‍ 57ന് 5 എന്ന നിലയില്‍ തകര്‍ന്ന ശേഷം നമാന്‍ ധിറിന് ഓവര്‍ നല്‍കാന്‍ പാടില്ലായിരുന്നു. ആ സമയത്തം പ്രധാന ബൗളര്‍മാരെ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ടീമിലെ ആറാം ബൗളര്‍ക്ക് തുടര്‍ച്ചയായി ഓവറുകള്‍ നല്‍കി.
മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ശക്തമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 150 റണ്‍സിനുള്ളില്‍ കെകെആറിനെ ഒതുക്കാമായിരുന്നു. എന്നാല്‍ 170 റണ്‍സിലേക്ക് അവര്‍ എത്തി. മോശം ക്യാപ്റ്റന്‍സി മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചു.
മുംബൈ ഒത്തിണക്കമുള്ള ടീമായല്ല കരുതുന്നത്. മാനേജ്മെന്റ് ഇക്കാര്യം പരിഗണിക്കണമായിരുന്നു. താരങ്ങള്‍ നായകനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഇത് മുംബൈ ടീമിനുള്ളില്‍ കാണാനാവുന്നില്ല. ഇതാണ് മുംബൈ ശ്രദ്ധിക്കേണ്ടിയിരുന്നത്’ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.