ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'

ഐപിഎലില്‍ ഇന്നലെ നടന്ന കെകെആര്‍-എല്‍എസ്ജി മത്സരത്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ ഒരു തകര്‍പ്പന്‍ ക്യാച്ച് എടുക്കാന്‍ കൊല്‍ക്കത്ത താരം രമണ്‍ദീപ് സിംഗ് എല്ലാ യുക്തികളും മാനദണ്ഡങ്ങളും ലംഘിച്ചു. രമണ്‍ദീപിന്റെ പ്രയത്‌നം കണ്ട് അര്‍ഷിനും നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന കെഎല്‍ രാഹുലും മറ്റ് കളിക്കാരും കമന്റേറ്റര്‍മാരും ഞെട്ടി.

പിന്നിലേക്ക് ഓടി ഒരു തകര്‍പ്പന്‍ ഡൈവിലൂടെയാണ് രമണ്‍ദീപ് പന്ത് കൈയിലൊതുക്കിയത്. ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് ഇര്‍ഫാന്‍ പത്താന്‍ ഇതിനെ തല്‍ക്ഷണം വിളിച്ചു. ”നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരു തെറ്റ് ചെയ്യുന്നു,” ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ പതിനേഴാം സീസണിലെ എല്ലാ തകര്‍പ്പന്‍ ക്യാച്ചുകളും കാണിച്ചെങ്കിലും ഇര്‍ഫാന്‍ തന്റെ വോട്ട് രമണ്‍ദീപിന് നല്‍കി. രമണ്‍ദീപ് വിഷമിക്കേണ്ട, എന്റെ വോട്ട് നിങ്ങള്‍ക്കൊപ്പമാണ്, ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ അവരുടെ ഹോം ഗ്രൗണ്ടില്‍ ആധികാരിക ജയമാണ് കൊല്‍ക്കത്ത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരെയ്ന്റെ വെടിക്കെട്ട് ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 137 റണ്‍സിനിടെ എല്ലാവരും പുറത്തായി. ഇതോടെ കൊല്‍ക്കത്ത 98 റണ്‍സിന്റെ ഉജ്ജ്വല ജയം നേടി.

Read more