ഐപിഎല്‍ 2024: ലാറയുടെ കസേര തെറിച്ചു, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടേറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുള്ള വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാണ്.

2016ന് ശേഷം കിരീടം നേടാനാവാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് അവസാന ആറ് സീസണുകളിലായി നാല് പേരെയാണ് മുഖ്യ പരിശീലകന്റെ റോളിലെത്തിച്ചത്. ടോം മൂഡി 2019, 2022 കാലത്തും ട്രെവര്‍ ബെയ്ലിസ് 2020, 2021 സമയത്തും ടീമിനെ പരിശീലിപ്പിച്ചു.

2023 സീസണ്‍ തുടങ്ങുമ്പോഴാണ് മൂഡിയില്‍ നിന്ന് ലാറ പരിശീലകന്റെ ചുമതല ഏറ്റെടുത്തത്. പത്ത് ടീമുകളില്‍ അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഈ സീസണില്‍ ഫിനിഷ് ചെയ്തത്. 10 കളികള്‍ തോറ്റപ്പോള്‍ നാല് ജയങ്ങള്‍ മാത്രമേ നേടാനായുള്ളൂ.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡാനിയല്‍ വെട്ടോറി ഐപിഎലിലേക്ക് തിരിച്ചെത്തുന്നത്. 2014-2018 കാലയളവില്‍ വെട്ടോറി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) പരിശീലിപ്പിച്ചിരുന്നു. താരതമ്യേന വിജയമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 2015ലെ പ്ലേഓഫിലേക്കും 2016ലെ ഫൈനലിലേക്കും വെട്ടോറി ആര്‍സിബിയെ നയിച്ചു.