ഐപിഎല്‍ 2024: മുംബൈ അല്ലെങ്കില്‍ ഏത് ടീമിനെ നയിക്കാനാണ് ഇഷ്ടം?; തുറന്നുപറഞ്ഞ് രോഹിത്

ഐപിഎല്ലില്‍ എംഎസ് ധോണിയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്ന നായകമികവാണ് രോഹിത് ശര്‍മ്മയുടേത്. താന്‍ നായകനായ മുംബൈ ടീമിനെ അഞ്ച് തവണയാണ് താരം കിരീടത്തിലേക്ക് നയിച്ചത്. 2013 മുതല്‍ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് രോഹിത് മുംബൈ അല്ലെങ്കില്‍ ഏത് ടീമിനെ നയിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് മുമ്പൊരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ആ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുംബൈ ക്യാപ്റ്റനായിരുന്നില്ലൈങ്കില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നയിക്കാനാണ് തനിക്കു താല്‍പ്പര്യമെന്നാണ് രോഹിത് പറഞ്ഞത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്റെ ഫേവറിറ്റ് ഗ്രൗണ്ടാണ്. എന്നെ സംബന്ധിച്ച് കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നയിക്കാനാണ് എനിക്കു താല്‍പ്പര്യം- രോഹിത് വ്യക്തമാക്കി.

നിലവില്‍ മുംബൈയില്‍ നിന്നുതന്നെയുള്ള മറ്റൊരു താരമായ ശ്രേയസ് അയ്യരാണ് കെകെആറിനെ നയിച്ചുകൊണ്ടിരിക്കുന്നത്. 2022ലെ സീസണ്‍ മുതല്‍ അദ്ദേഹം നായകസ്ഥാനത്തുണ്ട്. പോയ വര്‍ഷം ശ്രേയസ് പരിക്കേറ്റ് പുറത്തായിരുന്നതിനാല്‍ നിതീഷ് റാണയാണ് കെകെആറിനെ നയിച്ചത്.

37കാരനായ രോഹിത് അടുത്ത സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതിന് മുന്നോടിയായി മുംബൈ മുന്‍ താരവും നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനുമായ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ ടീമില്‍ തിരിച്ചെത്തിക്കാന്‍ കരുക്കള്‍ നീക്കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.