IPL 2024: കിരീടത്തിനായുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് ഈ സീസണിലും അവസാനിക്കില്ല: മൈക്കല്‍ വോണ്‍

ഐപിഎല്‍ ട്രോഫിക്കു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിലും അവസാനിക്കില്ലെന്നു ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഹോം മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സിനോട് ആര്‍സിബി ഏഴു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയാണ് വോണിന്റെ പരാമര്‍ശം.

ഈ ബോളിംഗ് ആക്രമണം വച്ച് ആര്‍സിബിക്കു ഐപിഎല്ലില്‍ കിരീടം നേടുക അസാധ്യമാണെന്ന് മൈക്കല്‍ വോണ്‍ എക്സില്‍ കുറിച്ചു. ആറു ബോളര്‍മാരെയാണ് ഇന്നലെ കെകെആറിനെതിരേ ആര്‍സിബി പരീക്ഷിച്ചത്. ഇവര്‍ക്ക് കെകെആര്‍ ബാറ്റിംഗ് നിരയ്ക്ക് മേല്‍ ഒരവസരത്തിലും മേല്‍ക്കൈ നേടാനായില്ല.

ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. മത്സരത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. താരം 30 ബോളില്‍ 3 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയില്‍ 50 റണ്‍സെടുത്തു. സുനില്‍ നരെയ്ന്‍ 22 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 47 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 20 ബോളില്‍ 30, ശ്രേയസ് അയ്യര്‍ 24 ബോളില്‍ 39* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 182 റണ്‍സ് നേടിയത്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 59 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആര്‍സിബിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.