IPL 2025: കളികൾ വേറെ ലെവൽ, ആ മിടുക്കനെ തന്നെ നായകന്റെ ബാൻഡ് ഏൽപ്പിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഇത് അപ്രതീക്ഷിത നീക്കം

ഐപിഎൽ 2025 ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) അടുത്ത ക്യാപ്റ്റനാകാനുള്ള മുൻനിര താരമായി അജിൻക്യ രഹാനെയുടെ പേര് ഉയർന്നു വരുന്നതായി റിപ്പോർട്ട്. 1.5 കോടി രൂപ അടിസ്ഥാന വിലയിൽ ആണ് കെകെആർ താരത്തെ സ്വന്തമാക്കിയത്.

അടുത്ത വർഷം ഐപിഎൽ കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അജിങ്ക്യ രഹാനയെ പോലെ ഒരു സീനിയർ താരത്തെ തന്നെ നായകനാക്കാൻ ഒരുങ്ങുകയാണ്. മുമ്പ് ഇന്ത്യയെ ടെസ്റ്റിലും രാജസ്ഥാനെ ഇന്ത്യൻ പ്രീമിയർ ലീഗിലുമൊക്കെ നയിച്ച് പരിചയമുള്ള രഹാനെ ഇന്ത്യൻ നായകനായാൽ അത് ടീമിന് വലിയ ഊർജം തന്നെയാകും എന്നാണ് റിപ്പോർട്ടുകൾ.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: “അതെ, അജിങ്ക്യ രഹാനെയാണ് പുതിയ KKR ക്യാപ്റ്റൻ എന്ന് 90% സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മികച്ച ക്യാപ്റ്റൻസി ഓപ്‌ഷൻ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയത്.

അതേസമയം, ഐപിഎൽ 2022ൽ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചതിന് ശേഷം അജിങ്ക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തന്റെ രണ്ടാമത്തെ എൻട്രിയാണ് നടത്തിയിരിക്കുന്നത്. സീസണിൽ നിരാശപ്പെടുത്തിയ രഹാനയെ ടീം പിന്നെ ഒഴിവാക്കുക ആയിരുന്നു.

എന്നിരുന്നാലും, ഐപിഎൽ 2023 ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ചേർന്നപ്പോൾ രഹാനെയുടെ തലവര മാറി, അവിടെ അദ്ദേഹം തൻ്റെ ഫോം വീണ്ടും കണ്ടെത്തി. 172.49 സ്‌ട്രൈക്ക് റേറ്റോടെ 326 റൺസ് നേടിയ അദ്ദേഹം അഞ്ചാം ഐപിഎൽ കിരീടം നേടാൻ സിഎസ്‌കെയെ സഹായിച്ചു.