IPL 2025: കാര്യങ്ങൾ അവന്റെ കൈയിൽ നിന്ന് കൈവിട്ട് പോകുന്നു, അയാളുടെ അവസ്ഥ...; സൂപ്പർതാരത്തെക്കുറിച്ച് തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനും മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും 2025 ലെ ഐപിഎൽ കിട്ടിയത് മോശം തുടക്കമായിരുന്നു. പ്രത്യേകിച്ച് അവരുടെ ബാറ്റിംഗ് നിരയിൽ നിന്ന് നല്ല സംഭാവന ഇതുവരെ ഉണ്ടായില്ല. സ്ഥിരതയോടെ ഉള്ള പ്രകടനം താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്തായാലും ബാറ്റ്സ്മാൻമാർ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വ്യക്തമായി പറഞ്ഞതോടെ, രോഹിത്തിലേക്കാണ് ആളുകളുടെ കൂടുതൽ ചോദ്യങ്ങളും എത്തുന്നത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) 36 റൺസിന് പരാജയപ്പെട്ട മത്സരത്തിൽ രോഹിത് നിരാശാജനകമായ പ്രകടനം കാഴ്ചവച്ചു. തുടക്കത്തിൽ രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജിന്റെ പന്തിൽ രോഹിത് പുറത്തായി. സീസണിലെ ആദ്യ മത്സരത്തിൽ സിഎസ്‌കെയ്‌ക്കെതിരെ പൂജ്യനായി പുറത്തായിരുന്നു.

തന്റെ സമീപകാല പ്രകടനങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കുമ്പോൾ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ രോഹിത് ശർമ്മയുടെ കൈകളിൽ നിന്ന് കാര്യങ്ങൾ വഴുതിപ്പോവുകയാണെന്ന് പറയുന്നു. മത്സരശേഷം, സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, രോഹിത് പരിശീലനത്തിനും മറ്റും ഒരുപാട് സമയം ചിലവഴിക്കണം എന്നും എന്നാൽ മാത്രമേ തിരിച്ചുവരാൻ പറ്റു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കളിക്കാർ പ്രായമാകുമ്പോൾ സ്വാഭാവിക കഴിവുകൾ അല്പം മങ്ങാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറ് തവണ ഐപിഎൽ ചാമ്പ്യനായ അദ്ദേഹത്തെപ്പോലുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരനിൽ നിന്ന് തന്റെ പ്രകടന നിലവാരം നിലനിർത്താൻ കൂടുതൽ പരിശ്രമം ആവശ്യമായി വരും എന്ന് അദ്ദേഹം പറഞ്ഞു.

“രോഹിത് ശർമ്മ വ്യക്തമായും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്നോ നാലോ വർഷം മുമ്പുള്ള രോഹിത് ശർമ്മയല്ല അദ്ദേഹം. കരിയറിലെ ഒരു ഘട്ടത്തിലാണ് അദ്ദേഹം. എല്ലാ ദിവസവും രാവിലെ സ്വയം പരിശ്രമിക്കേണ്ടിവരും. കഠിനമായി പരിശീലിക്കുകയും തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം . കാരണം കാര്യങ്ങൾ അദ്ദേഹത്തിന് കൈവിട്ടുപോകുന്നു. അദ്ദേഹം ഇപ്പോഴും തന്റെ സ്വാഭാവിക കഴിവുകളെയും മിടുക്കിനെ ആശ്രയിക്കുന്നു,” മഞ്ജരേക്കർ പറഞ്ഞു.

“അദ്ദേഹം തന്റെ ടീമിനെ വിജയത്തിലെത്തിക്കേണ്ടതുണ്ട്. ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്, അദ്ദേഹത്തിന്റെ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. രോഹിത് ശർമ്മ മികവ് തെളിയിക്കാതെ മുംബൈയ്ക്ക് യോഗ്യത (പ്ലേഓഫ്) ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. സ്വന്തമായി ഒരു കളി ജയിക്കാൻ കഴിയുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ” മഞ്ജരേക്കർ പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യൻസ് അടുത്ത മത്സരത്തിൽ എങ്കിലും ജയിച്ച് തിരിച്ചുവരാനാകും ശ്രമിക്കുക.