ഐപിഎല്ലിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ് അതിനിർണായക ജയം സ്വന്തമാക്കി. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. ജയം ഉറപ്പിച്ച സ്ഥലത്ത് നിന്ന് ഡൽഹി അനാവശ്യ അബദ്ധങ്ങൾ കാണിച്ച് തോൽവി വഴങ്ങുക ആയിരുന്നു.
19-ാം ഓവർ വരെ ഡൽഹി തന്നെ ആയിരുന്നു കളിയിൽ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ബുംറ എറിഞ്ഞ ഓവറിൽ അനാവശ്യ ആവേശം കാരണം മൂന്ന് ഹാട്രിക് റണ്ണൗട്ടുകളിലൂടെ തോൽവി വഴങ്ങുക ആയിരുന്നു. 19-ാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ അശുതോഷ് ശർമ്മ (17), കുൽദീപ് യാദവ് (1), മോഹിത് ശർമ്മ (0) എന്നിവർ ആണ് റണ്ണൗട്ട് ആയി മടങ്ങിയത്. ഓവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകളിൽ ജസ്പ്രീത് ബുംറയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ നേടിയ അശുതോഷ് മത്സരം കളിയിൽ ഒതുക്കിയത് ആയിരുന്നു. എന്നാൽ നാലാം പന്തിൽ രണ്ടാം റണ്ണെടുക്കാനുള്ള അദ്ദേഹത്തിന്റെ അനാവശ്യ ശ്രമം അദ്ദേഹത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ഒടുവിൽ ഡൽഹിയുടെ തോൽവിയിൽ നിർണായകം ആകുകയും ചെയ്തു.
എന്നിരുന്നാലും, മുൻ ഇന്ത്യൻ താരം നവജ്യോത് സിംഗ് സിദ്ധു ഈ മൂന്ന് റണ്ണൗട്ടുകൾ മത്സരത്തിന്റെ വഴിത്തിരിവായി അംഗീകരിക്കാൻ വിസമ്മതിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഡൽഹിയുടെ തോൽവിക്ക് മൂന്ന് റണ്ണൗട്ടുകൾ കാരണമല്ല. കരുൺ നായരും അഭിഷേക് പോറലും കളിയെ കൈയടക്കുകയായിരുന്നു. എന്നാൽ നനഞ്ഞ പന്ത്( വെറ്റ് ബോൾ) മാറ്റിയപ്പോൾ മുംബൈ തിരിച്ചുവരവ് നടത്തി. രോഹിത് ശർമ്മ, മഹേജ ജയവർധന, പരസ് മാംബ്രെ എന്നിവർ നടത്തിയ നീണ്ട ചർച്ചക്ക് ഒടുവിൽ ഇരു എൻഡിൽ നിന്നും സ്പിന്നർമാരെ അറിയിക്കാനുള്ള തീരുമാനം മത്സരത്തിലെ വഴിത്തിരിവായി.”
“കെ.എൽ. രാഹുലും ട്രിസ്റ്റൻ സ്റ്റബ്‌സും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതോടെ പുതിയ പന്ത് അതിന്റെ ഫലം കാണിച്ചു. എനിക്ക് ഇത് മത്സരത്തിന്റെ വഴിത്തിരിവായിരുന്നു,” നവ്‌ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.
മുംബൈ ഇന്ത്യൻസിന് ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകളും ഡൽഹി ക്യാപിറ്റൽസിന് അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകളുമുണ്ട്.